
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ ചാടിയ കൊലക്കേസ് പ്രതി മധുരയിൽ പിടിയിൽ. ഇടുക്കി വണ്ടന്മേട് സ്വദേശി മണികണ്ഠനാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ ജയിൽ ചാടി രക്ഷപ്പെട്ടത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ മധുരയിലുണ്ടെന്ന് കണ്ടെത്തി. റെയിൽവേ സ്റ്രേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണസംഘം അറിയിച്ചു. ജയിലിലെ ചപ്പാത്തി പ്ലാന്റിലെ ജനറേറ്ററിന് ഡീസലടിക്കാൻ പ്ലാന്റിന് പുറത്തെത്തിച്ചപ്പോഴായിരുന്നു മണികണ്ഠൻ മതിൽചാടിയത്. നേരത്തേ പരോളിലിറങ്ങി മുങ്ങിയ ഇയാളെ ആറുമാസം മുമ്പാണ് പൊലീസ് പിടികൂടി സെൻട്രൽ ജയിലിലെത്തിച്ചത്.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്കു സമീപമുള്ള ജയിൽ ക്വാർട്ടേഴ്സ് വളപ്പ് വഴിയാണ് പുറത്തേക്കുകടന്നത്. അവിടെ നിന്ന് കരമന വഴി തമിഴ്നാട്ടിലേക്ക് പോയി. പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ്,അർജുൻ.എസ്.എൽ,കിരൺ.സി.എസ്,അർജുൻ മോഹൻ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് അൽഷാന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ രഞ്ജുനാഥ്, സന്തോഷ് പെരളി,സുധീർ,അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സുജിത്ത്.എസ്,അരുൺ രാജ്.ഡി,രാഹുൽ,രാജേഷ്,അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഒരാഴ്ചയായി പ്രതിയെ കണ്ടെത്തുന്നതിനായി കേരളത്തിലെയും തമിഴ്നാടിലെയും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തുകയായിരുന്നു.
എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ പൂജപ്പുര പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. തമിഴ്നാട് തിരുപ്പൂരിൽ നിന്ന് രണ്ടാം വിവാഹം കഴിച്ച ഇയാൾ അവിടേക്ക് കടക്കുന്നതിനിടെയാണ് പിടിയിലായത്. കേരള പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചും തമിഴ്നാട് സ്‌പെഷ്യൽ ബ്രാഞ്ചും ദൗത്യത്തിൽ സഹായിച്ചു.