k

ശംഖുംമുഖം:വിദേശികൾ ഉൾപ്പടെ വന്നുപോകുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരിൽ ഭീതി പരത്തി തെരുവുനായ്‌ക്കൾ വിലസുന്നു. കഴിഞ്ഞദിവസം വിമാനത്തവള ടെർമിനലിന് മുമ്പിൽ യാത്രക്കാരനെ സ്വീകരിക്കാനെത്തിയ ആളെ തെരുവുനായ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് വിദേശത്ത് നിന്നെത്തിയ പിതാവിനെ സ്വീകരിക്കാൻ മാതാവിനൊപ്പം കാത്തുനിന്ന കുട്ടിയെ തെരുവുനായ്‌ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവർമാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ടെർമിനലിൽ കാത്തുനിൽക്കുന്നവരെ നായ്‌ക്കൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കാമെന്ന സ്ഥിതിയാണ്. വിമാനത്താവളത്തിൽ ഇരിക്കുന്നവർക്കും രക്ഷയില്ല. ശംഖുംമുഖത്തെ ആഭ്യന്തരവിമാനത്തവളത്തിലെ ടെർമിനലിന് മുന്നിലെ അവസ്ഥയും സമാനമാണ്. കണ്ണുതെറ്റിയാൽ ലഗേജുകൾ തെരുവുനായ്‌ക്കൾ കടിച്ചുകീറും. പലതവണ വിമാനത്താവള അധികൃതരെ ഇതേക്കുറിച്ച് അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വിമാനത്താവളത്തിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ റാങ്കിംഗിൽ മുൻപ് തിരുവനന്തപുരം വിമാനത്താവളം ഒന്നാമതെത്തിയിരുന്നു. പിന്നിട് ടെർമിനലിനുള്ളിലെ ടോയ്‌ലെറ്റ് മോശം നിലയിലായപ്പോൾ താഴേക്ക് പോയി.