തിരുവനന്തപുരം: സമത്വത്തിനായി പോർവിളികളിലൂടെ സ്വാതന്ത്ര്യം നേടിയ കേരളം അസമത്വത്തിലേക്ക് നീങ്ങുന്നോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി ഒ.ആർ കേളു. അയ്യങ്കാളിയുടെ 161ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അനുസ്മരണ സമ്മേളനം വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അധ:സ്ഥിത ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിതസന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ നയിക്കാൻ പുതുതലമുറ സജ്ജമാകണമെന്നും മന്ത്രി പറഞ്ഞു..

ഒരു നേതാവ് എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാശയുടെ വെളിച്ചമായിരുന്നു അയ്യങ്കാളിയെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഭൂതകാലത്തിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലുകളായി ജാതി വേർതിരിവുകൾ ഇപ്പോഴും നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയൂ എന്നതായിരുന്നു അയ്യങ്കാളിയുടെ ദീർഘവീക്ഷണമെന്നും, ആ ദിശയിലേക്ക് കേരളത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

ജയന്തിആഘോഷങ്ങളുടെ ഭാഗമായി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ തലത്തിൽ നിന്നുള്ള കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ ജേതാക്കൾക്ക് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനങ്ങൾ നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ വി.കെ പ്രശാന്ത്, ആന്റണിരാജു, മുൻ സ്‌പീക്കർ എം.വിജയകുമാർ, മുൻ എം.എൽ.എ ബി.സത്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പട്ടികജാതിവികസന വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ, അഡീഷണൽ ഡയറക്ടർ വി.സജീവ് എന്നിവർ പങ്കെടുത്തു. അയ്യങ്കാളി സ്‌ക്വയറിലെ പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു.