തിരുവനന്തപുരം ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയ്ക്ക് കനകക്കുന്ന് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ തുടക്കമായി.കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം,വീവേഴ്സ് സർവീസ് സെന്റർ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്,ജില്ലാ വ്യവസായ കേന്ദ്രം,കൈത്തറി വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടത്തുന്നത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കനകക്കുന്നിൽ മന്ത്രി പി.രാജീവ് നിർവഹിക്കും.മന്ത്രി ജി.ആർ.അനിൽ ആദ്യ വില്പന നടത്തും.മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും.മേയർ ആര്യാരാജേന്ദ്രൻ,വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.64 സ്റ്റാളുകളിലായി 40ഓളം കൈത്തറി സംഘങ്ങളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 26 സംഘങ്ങളും മേളയിൽ പങ്കെടുക്കും.കൈത്തറി ഉത്പന്നങ്ങൾ,ഭൗമസൂചിക ഉത്പന്നങ്ങൾ എന്നിവയും മേളയുടെ ഭാഗമാകുമെന്ന് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ്.അനിൽകുമാർ,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്.ഷിറാസ്,സുനിൽകുമാർ എന്നിവർ അറിയിച്ചു.സെപ്തംബർ 14 വരെ മേള തുടരും.