രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. ഇതാദ്യമായാണ് ആമിർ ഖാൻ തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നത്. കൂലിയിൽ ഒരുമിനിറ്റ് നേരം ആമിർ ഖാൻ പ്രത്യക്ഷപ്പെടുന്നു എന്നാണ് വിവരം. എന്നാൽ കഥാപാത്രം ഏറെ ശ്രദ്ധേയമായിരിക്കും. വിശാഖപട്ടണത്ത് ചിത്രീകരണം പുരോഗമിക്കുന്ന കൂലിയുടെ ലൊക്കേഷനിൽ സൗബിൻ ഷാഹിറും കന്നട താരം ഉപേന്ദ്രയും ജോയിൻ ചെയ്തു. സൗബിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കൂലി. രജനിയുടെ നായിക ശോഭനയായിരിക്കും. 33 വർഷങ്ങൾക്കുമുൻപ് മണിരത്നം സംവിധാനം ചെയ്ത ദളപതിയിലാണ് ശോഭന രജനികാന്തിനൊപ്പം അവസാനമായി അഭിനയിച്ചത്.
പക്കാ മാസ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന കൂലിയിൽ സത്യരാജ്, ശ്രുതിഹാസൻ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണ് . ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. ആക്ഷൻ അൻപറിവ്. അതേസമയം ആമിർ ഖാൻ നായകനായി ലോകേഷ് കനകരാജ് ഹിന്ദിയിൽ ആദ്യ സംവിധാന സംരംഭം ഒരുക്കുന്നുണ്ട്.