നിസാം ബഷീർ , വിഷ്ണു മോഹൻ എന്നിവരുടെ ചിത്രങ്ങളിൽ പൃഥ്വിരാജ്

ss

യുവസംവിധായകരുടെ ചിത്രങ്ങളിൽ പൃഥ്വിരാജ്. നിസാം ബഷീർ, വിഷ്ണു മോഹൻ എന്നിവരുടെ ചിത്രങ്ങളിലാണ് പൃഥ്വിരാജ് നായകനായി എത്തുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന് നോബഡി എന്ന് പേരിട്ടു.സോഷ്യോ പൊളിറ്റിക്കൽ ഗണത്തിൽപ്പെടുന്നതാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ ഫോർ എന്റർടെയ്ന്റ്മെന്റിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഒഫ് ഒാമനക്കുട്ടൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുൾ ആണ് തിരക്കഥ. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം റോഷാക്കിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരം കരസ്ഥമാക്കിയ വിഷ്ണുമോഹന്റെ ചിത്രത്തിൽ പൃഥ്വിരാജ് അടുത്തവർഷം അഭിനയിക്കാനാണ് തീരുമാനം. സെപ്തംബർ 20ന് റിലീസ് ചെയ്യുന്ന കഥ ഇന്നുവരെ ആണ് വിഷ്ണു മോഹന്റെ രണ്ടാമത്തെ സംവിധാന ചിത്രം. ബിജു മേനോനും പ്രശസ്ത നർത്തകി മേതിൽ ദേവികയുമാണ് നായകനും നായികയും. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയാണ് ചിത്രീകരണഘട്ടത്തിലുള്ള പൃഥ്വിരാജ് ചിത്രം.ഗുരുവായൂരമ്പലനടയുടെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം പൃഥ്വിരാജും വിപിൻദാസും സന്തോഷ് ട്രോഫി എന്ന ചിത്രവുമായി വീണ്ടും ഒരുമിക്കുന്നുണ്ട്.