തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും സർവീസ് സംബന്ധമായ പരാതികളിൽ പരിഹരിക്കാൻ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് സെപ്റ്റംബർ 24ന് ഓൺലൈൻ അദാലത്ത് നടത്തും. എം.എസ്.പി, ആർ.ആർ.ആർ.എഫ്, ഐ.ആർ.ബറ്റാലിയൻ, എസ്.ഐ.എസ്.എഫ്, വനിതാ ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ പരാതികൾ സെപ്തംബർ മൂന്നിനകം spctalks.pol@kerala.gov.in വഴി അയക്കണം. ഹെൽപ്പ് ലൈൻ : 9497900243. ഡി.ജി.പിക്ക് നേരിട്ട് പരാതി നൽകാമെന്നതാണ് അദാലത്തിന്റെ പ്രത്യേകത.
കാസ്പിന്റെ പേരിൽ കബളിപ്പിക്കൽ
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജ പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരെയും കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകളിലൂടെ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. പദ്ധതി അംഗങ്ങളായ 581 സർക്കാർ,സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്. എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള കാസ്പ് കിയോസ്ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭിക്കുന്നത്. അനധികൃതമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും കാർഡ് പുതുക്കുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വ്യാജ കാർഡ് പ്രിന്റ് ചെയ്ത് പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ നൽകുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ലോക കേരള സഭാ:യോഗം ചേർന്നു
തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ ലഭിച്ച ശുപാർശകൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടന്നു. സമ്മേളനത്തിൽ പങ്കെടുത്ത പ്രവാസി പ്രതിനിധികൾ സമർപ്പിച്ച ശുപാർശകൾ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ പരിശോധിക്കും. ക്രിയാത്മകമായ നിർദേശങ്ങൾ പ്രൊപ്പോസൽ രൂപേണ തയാറാക്കി ലോക കേരള സഭ സെക്രട്ടറിയേറ്റിൽ കമ്മിറ്റി സമർപ്പിക്കും.നിർദേശങ്ങളെല്ലാം സർക്കാരിന്റെ പരിഗണനയ്ക്കായി നൽകും. പ്രൊപ്പോസലുകൾ സമയബന്ധിതമായി തയാറാക്കുന്നതിനുള്ള ഏകോപന ചുമതല ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ ആസിഫ് കെ.യൂസഫ് നിർവഹിക്കും. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ചെയർപേഴ്സണായ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ പ്രവാസി പ്രതിനിധികൾ ഉൾപ്പെടെ 18 അംഗങ്ങളുണ്ട്.
യു.എ.ഇ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ് ഡസ്ക് രൂപീകരിക്കും
തിരുവനന്തപുരം; സെപ്റ്റം.1മുതൽ രണ്ടുമാസത്തേക്ക് യു.എ.ഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചതിനാൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡസ്ക് രൂപീകരിക്കും. നോർക്ക-റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങളെത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയ്യാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കാനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡസ്ക് രൂപീകരിച്ചത്. നോർക്ക വകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകി, നോർക്ക റൂട്സ് സി.ഇ.ഒ അജിത് കൊളാശേരി, ലോക കേരള സഭ സെക്രട്ടറിയേറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇന്ന് ജനശതാബ്ദി
എറണാകുളം വരെ
തിരുവനന്തപുരം:അങ്കമാലി റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിർമ്മാണ ജോലി നടക്കുന്നതിനാൽ ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.തിരുവനന്തപുരത്തു നിന്നുള്ള കോഴിക്കോട് ജനശതാബ്ദി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലും തൂത്തുകുടി - പാലക്കാട് പാലരുവി ആലുവയിലും തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട് എറണാകുളം ടൗൺ സ്റ്റേഷനിലും കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് ഷൊർണ്ണൂരിലും യാത്ര അവസാനിപ്പിക്കും. മടക്ക സർവ്വീസും ഇതേ സ്റ്റേഷനുകളിൽ നിന്നാണ്.എറണാകുളം - പാലക്കാട് മെമുവിന്റെ ഇരുവശത്തേക്കുമുള്ള സർവ്വീസ് ഇന്ന് പൂർണ്ണമായും റദ്ദാക്കി.