വട്ടപ്പാറ: ഗൃഹനാഥൻ വീട്ടിൽ തൂങ്ങിമരിക്കാൻ കാരണം ഭർത്താവിന്റെ മർദ്ദനമാണെന്നാരോപിച്ച് മകൾ പൊലീസിൽ പരാതി നൽകി. വട്ടപ്പാറ വേങ്കുഴി രാഹുൽ ഭവനിൽ രഹ്നയാണ് പിതാവ് കെ.സതീശ (58)ന്റെ മരണത്തിന് കാരണക്കാരൻ ഭർത്താവ് അരുവിക്കര സ്വദേശി വിഷ്‌ണുവാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രഹ്നയും വിഷ്ണുവും അഞ്ചും മൂന്നും വയസുള്ള കുട്ടികളും സതീശനൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രഹ്നയും മദ്യപിച്ചെത്തിയ വിഷ്‌ണുവും വഴക്കും ഉന്തുംതള്ളും ഉണ്ടായി. ഈ സംഭവത്തിന് ശേഷം രഹ്നയെയും മക്കളെയും സതീശൻ ബന്ധുവീട്ടിൽ കൊണ്ടാക്കി. അതിനുശേഷം സതീശനെ വിഷ്ണുവും സുഹൃത്തുക്കളും ക്രൂരമായി മർദ്ദിച്ചു. ഇതൊന്നുമറിയാതെ അടുത്ത ദിവസം വിഷ്‌ണു തന്നെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി രഹ്ന വട്ടപ്പാറ പൊലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണത്തിനായി പൊലീസ് എത്തിയെങ്കിലും വേങ്കുഴിയിലെ വീട് അടഞ്ഞുകിടക്കുകയായിരുന്നു. വൈകിട്ട് മടങ്ങിയെത്തിയ രഹ്ന വീട് തുറന്നപ്പോഴാണ് സതീശനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സതീശന്റെ തലയിലും ശരീരത്തിലാകമാനവും മുറിവുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും വട്ടപ്പാറ സി.ഐ ശ്രീജിത്ത് അറിയിച്ചു.