തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേൽ സമൂഹത്തിൽ ഛിദ്രമുണ്ടാക്കാനുള്ള ശ്രമങ്ങൾ ചെറുക്കാൻ അയ്യങ്കാളി നടത്തിയ
പോരാട്ടങ്ങൾ സമൂഹത്തിന് വലിയ സംഭാവനയാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയ കലാപത്തിലേക്ക് തള്ളിവിടാനും ചില സ്ഥാപിത താത്പര്യക്കാർ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ പ്രതിരോധിക്കുന്നതിന് കരുത്ത് പകരുന്നതാണ് അയ്യങ്കാളിയുടെ ജീവിതം. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും അടക്കമുള്ളവർ പോരാടിയതിന്റെ ഫലമായാണ് അധഃസ്ഥിതർക്ക് വിദ്യാഭ്യാസവും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാനും രാഷ്ട്രീയ ബോധമുണ്ടാക്കാനും കഴിഞ്ഞത്.അയ്യങ്കാളിയുടെ നേതൃത്വത്തിൽ കേരളം ചെറുത്തു തോൽപ്പിച്ച ജന്മിത്വ ചൂഷണത്തിന്റെ ദുരിതമാണ് പുതിയ കോർപ്പറേറ്റ് ചങ്ങാത്തങ്ങളിലൂടെ രാജ്യത്തെ കർഷകർ ഇപ്പോൾ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യങ്കാളിയുടെ ചെറുമകൻ ടി.കെ. അനിയനെ മുഖ്യമന്ത്രി ആദരിച്ചു. കേരള ദളിത് ഫെഡറേഷൻ പ്രസിഡന്റ് പി. രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, ആന്റണി രാജു എം.എൽ.എ, വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് വി.എൻ. ശശിധരൻ, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി ഐവർകാല ദിലീപ്, ഡോ. വിനീത വിജയൻ, എഴുത്തച്ഛൻ സമാജം പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ്, ഡോ. കായംകുളം യൂനസ്, രാമചന്ദ്രൻ മുല്ലശ്ശേരി, കെ. രവികുമാർ, മധുമോൾ പഴയിടം, പി. സരസ്വതി, കെ. ഗോകുൽദാസ്, വെങ്ങാനൂർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ജാതി സെൻസസ്
അനിവാര്യം
ജാതി സെൻസസ് അനിവാര്യമാണെന്നും ഇക്കാര്യത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എടുത്ത നിലപാട് സ്വാഗതാർഹമാണെന്നും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പറഞ്ഞു.പത്താം ക്ളാസിൽ മിനിമം മാർക്ക് ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നത്. അത് ശരിയല്ലെന്നും ,എഴുത്തും വായനയും അറിയാത്ത സമൂഹത്തെ സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.