തിരുവനന്തപുരം: സിനിമാചർച്ചയ്ക്കായി, സർക്കാരിന്റെ മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ 'അമ്മ'യുടെ ജനറൽസെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തു. പരാതിക്കാരിയുടെ വിശദമൊഴി രേഖപ്പെടുത്തിയ പൊലീസ്, മജിസ്ട്രേട്ടിനുമുന്നിൽ രഹസ്യമൊഴിയെടുപ്പിച്ച ശേഷം സിദ്ദിഖിന്റെ അറസ്റ്റിന് നീക്കം തുടങ്ങി. മുൻകൂർ ജാമ്യത്തിന് സിദ്ദിഖും ശ്രമിക്കുന്നു. നടന്മാരായ മുകേഷ് എം.എൽ.എ, ജയസൂര്യ, മണിയൻപിള്ളരാജു, ഇടവേളബാബു അടക്കം 7പേർക്കെതിരേ കൊച്ചിയിലെ നടിയുടെ പരാതിയിൽ ഉടൻ കേസെടുക്കും. 2008ൽ സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം കാട്ടിയെന്നാണ് ജയസൂര്യയ്ക്കെതിരായ പരാതി. ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്തിരുന്നു.

പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് യുവനടി പൊലീസിന് മൊഴിനൽകി. ഈ സമയം മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തിൽ രക്ഷപെടുകയായിരുന്നു. 21വയസുള്ളപ്പോഴാണ് ഈ സംഭവം- നടി വെളിപ്പെടുത്തി. വഞ്ചിയൂർ സഖി വിമൻസ് റിസോഴ്സ് സെന്ററിൽ വച്ച് മൂന്നരമണിക്കൂറെടുത്താണ് മ്യൂസിയം എസ്.ഐ ആശാചന്ദ്രൻ മൊഴിയെടുത്തത്. 2018ൽ സമൂഹമാദ്ധ്യമത്തിലിട്ട കുറിപ്പും 2021ൽ ഓൺലൈൻ മാദ്ധ്യമത്തിൽ ഇതേക്കുറിച്ചുള്ള വാർത്തയും തെളിവായി കൈമാറി. സിദ്ദിഖിനെതിരേ തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പുകളുംചുമത്തി. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് ഡി.ജി.പിയോട് പരാതിപ്പെട്ടിരുന്നു.

മൊഴിയെടുത്തു

സെക്രട്ടേറിയറ്റിലെ അതിക്രമമടക്കം വെളിപ്പെടുത്തിയ യുവനടിയിൽ നിന്ന് ഡി.ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിൽ വിശദമൊഴിയെടുത്തു. വ്യത്യസ്ത സമയങ്ങളിലുണ്ടായ ലൈംഗികഅതിക്രമങ്ങളിൽ 7പ്രത്യേകം കേസുകളെടുക്കാനാണ് തീരുമാനം. 2008ൽ സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെയാണ് ജയസൂര്യ മോശമായി പെരുമാറിയതെന്നാണ് മൊഴി. അമ്മ സംഘടനയിൽ അംഗത്വത്തിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേളബാബു 2013ൽ ആവശ്യപ്പെട്ടെന്നും ഫ്ലാറ്റിലെത്തിച്ച് കഴുത്തിൽ ചുംബിച്ചെന്നും മുകേഷ് ഫോണിലും നേരിട്ടും മോശമായി സംസാരിച്ചെന്നും വില്ലയിലേക്ക് ക്ഷണിച്ചെന്നും അവർ മൊഴിനൽകി.