തിരുവനന്തപുരം: സ്വീവേജ് അറ്റകുറ്റപ്പണികളെ തുടർന്ന് പൊളിച്ച പേട്ട - കണ്ണമ്മൂല റോഡിലെ റീടാറിംഗ് വൈകുന്നത് അപകടക്കെണിയാകുന്നു. പൊലീസ് സ്റ്റേഷനും കണ്ണമൂല തോടിനും ഇടയിലുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് ഒരു മാസമായിട്ടും നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ റോഡ് തകർച്ചയിലായി. മെറ്റൽ ഇളകിയതിനാൽ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം നഷ്ടമായി തെന്നിവീഴാനുള്ള സാദ്ധ്യതയേറെയാണെന്ന് നാട്ടുകാർ പറഞ്ഞു.
സ്വീവേജ് പൈപ്പിൽ പൊട്ടലുണ്ടായതിനെ തുടർന്ന് റോഡിന്റെ മദ്ധ്യേ വലിയ കുഴിയെടുത്താണ് 60 മീറ്റർ പൈപ്പ് മാറ്റി കഴിഞ്ഞമാസം പ്രശ്നം പരിഹരിച്ചത്. ഇതിനു ശേഷം മണ്ണും മെറ്റലും അടക്കമുള്ളവയിട്ട് മൂടിയതിനു ശേഷം റോഡ് ഉറയ്‌ക്കുന്നതിനായി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. റോഡ് ഉറച്ചതിന് പിന്നാലെ കുഴിയെടുത്ത ഭാഗത്ത് കോൺക്രീറ്റിംഗ് നടത്താനായിരുന്നു വാട്ടർ അതോറിട്ടി സ്വീവേജ് വിഭാഗം തീരുമാനിച്ചിരുന്നത്. എന്നാൽ, ജലാംശം നിറഞ്ഞതും പൂഴിമണ്ണുമായതിനാൽ കോൺക്രീറ്റിംഗ് നടത്തുന്നത് ഫലപ്രദമല്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ ടാറിംഗ് നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച കത്ത് വാട്ടർ അതോറിട്ടി പൊതുമരാമത്ത് അധികൃതർക്ക് കൈമാറിയിട്ട് ആഴ്ചകൾ കഴിഞ്ഞു. നടപടി വേഗത്തിലാക്കാൻ ആന്റണി രാജു എം.എൽ.എയും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ടാറിംഗ് എന്ന് നടത്തുമെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊതുമരാമത്ത് അധികൃതർ തയ്യാറായിട്ടില്ല.