തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പിനിരയായ 12 പേർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. ഫോർട്ട്, മെഡിക്കൽ പൊലീസ് സ്‌റ്റേഷനുകളിലാണ് ഇന്നലെ പരാതികൾ ലഭിച്ചത്. ഫോർട്ട് സ്‌റ്റേഷനിൽ ഇന്നലെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ ഇവിടെ മാത്രം പരാതികൾ അറുപതിലധികമായി. പരാതിക്കാരുടെ മൊഴിയെടുത്തശേഷം കേസുകൾ രജിസ്റ്റർ ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. 10 ലക്ഷം രൂപ തിരിച്ചുകിട്ടാനുള്ള ദമ്പതിമാരാണ് ഇന്നലെ മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ പരാതി നൽകിയത്.ഇനിയും നിരവധിപ്പേർ പരാതികളുമായെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. രണ്ടര കോടിയോളം രൂപയുടെ പരാതികളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്.

ഫോർട്ട്, മെഡിക്കൽ കോളേജ്, മ്യൂസിയം സ്‌റ്റേഷനുകളിലാണ് നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്തശേഷം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തിന് കൈമാറും.ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 നിക്ഷേപകർക്ക് പണം നഷ്ടമാകില്ല, നടക്കുന്നത് വ്യാജപ്രചാരണം: എം.എസ്.കുമാർ

അതേസമയം സംഘത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങൾ സത്യവിരുദ്ധമാണെന്ന് സഹകരണ സംഘം ഭരണസമിതി അറിയിച്ചു. സഹകരണ മേഖലയെ മൊത്തത്തിൽ ബാധിച്ചിട്ടുള്ള പ്രതിസന്ധി മാത്രമാണ് തിരുവിതാംകൂർ സഹകരണസംഘത്തെയും ബാധിച്ചിട്ടുള്ളത്. എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നും ഭരണസമിതി മുൻ പ്രസിഡന്റ് എം.എസ്.കുമാർ വ്യക്തമാക്കി. ഭരണസമിതി അഴിമതി നടത്തിയിട്ടില്ല.ആരും ഒളിവിലുമല്ല. ഏത് അന്വേഷണവും നേരിടാം.ബിനാമി പേരുകളിൽ വായ്പയെടുക്കുകയോ, ഉടമസ്ഥനറിയാതെ അവരുടെ വസ്തുവിന്റെ ഈടിൽ കോടികളുടെ തട്ടിപ്പുകളോ ചെയ്യുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ തിരുവിതാംകൂർ സഹകരണ സംഘമില്ലെന്നും എം.എസ്.കുമാർ വ്യക്തമാക്കി.