തിരുവനന്തപുരം:എൻ.പി.എസിന് പകരം കേന്ദ്രത്തിൽ യു.പി.എസ്.പെൻഷൻ വന്നെങ്കിലും സ്വന്തം ബദൽ പെൻഷൻ പദ്ധതിയെന്ന നിലപാടിലാണ് സംസ്ഥാനം.
പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതിയാണ് ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ തുടർ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന ഒരു പെൻഷൻ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.. ഇതിനുള്ളനടപടികൾ തുടരാനാണ് തീരുമാനം.
അതേസമയം, സംസ്ഥാനം പുതിയ പദ്ധതികൊണ്ടുവന്നാൽ എൻ.പി.എസിൽ നിക്ഷേപിച്ച വിഹിതം തിരിച്ചുകിട്ടുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതിൽ നിന്ന് 1755കോടി വായ്പയും എടുത്തിരുന്നു.ഇതു പരിഹരിക്കാൻ നിയമപരമായ നടപടികൾ പരിശോധിക്കുന്നതിനിടയിലാണ് കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത് .ഇതോടെ കേന്ദ്രപദ്ധതിയിൽ ചേരുകയോ,പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുകയോ ചെയ്യാനുള്ള അവസരമാണ് സംസ്ഥാനത്തിന് കിട്ടിയിരിക്കുന്നത്.
ആന്ധ്രപ്രദേശിൽ ഗ്യാരന്റീഡ്
പെൻഷൻ സംവിധാനം
2023 ൽ നടപ്പാക്കിയ ഈ പദ്ധതിപ്രകാരം അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ പെൻഷൻ ഉറപ്പാക്കുന്നുണ്ട്. കാലശേഷം ജീവിത പങ്കാളിക്ക് ഗ്യാരന്റീഡ് തുകയുടെ 60 ശതമാനം പെൻഷനും നൽകും.ഇതേ മാതൃകയാണ് സംസ്ഥാനവും പരിഗണിച്ചത്. യു.പി.എസ്.പെൻഷൻപദ്ധതിയിൽ കേന്ദ്രവും സ്വീകരിച്ചിരിക്കുന്നത് ആന്ധ്രമാതൃകയാണ്.ഈ സാഹചര്യത്തിലാണ് യു.പി.എസും പരിഗണിച്ചശേഷം തീരുമാനമെടുക്കാമെന്ന് സംസ്ഥാനം ആലോചിക്കുന്നത്.
നിലവിലെ എൻ.പി.എസ് മാനദണ്ഡ പ്രകാരം കേന്ദ്ര സർക്കാരിന്റെ വിഹിതം 14 ശതമാനമാണ്. ജീവനക്കാർ 10 ശതമാനവും എൻ.പി.എസിലേക്ക് അടയ്ക്കണം. പെൻഷനാകുമ്പോൾ അതുവരെയുള്ള നിക്ഷേപത്തിൽനിന്ന് 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. ഇതിൽനിന്നാണ് പെൻഷൻ ലഭിക്കുക. ബാക്കിയുള്ള 60 ശതമാനം ജീവനക്കാർക്ക് പിൻവലിക്കാം.പക്ഷെ, മിനിമം പെൻഷൻ ഉറപ്പില്ല.ഇത്തരത്തിലുള്ള കുറവുകൾ പരിഹരിക്കണമെന്നാണ് സംസ്ഥാനത്തിന്റെ താൽപര്യം.
" അഷ്വേർഡ് പെൻഷൻ പദ്ധതിയെന്ന നിർദ്ദേശത്തിൽ നിന്ന് പിന്നാക്കം പോയിട്ടില്ല.മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടും കേന്ദ്രസർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിയുടെ ഔദ്യോഗിക റിപ്പോർട്ടും കിട്ടിയശേഷം നിലപാടെടുക്കും."
-കെ.എൻ.ബാലഗോപാൽ,
സംസ്ഥാന ധനമന്ത്രി
കെ - ഷോപ്പി
ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ ഓൺലൈൻ ഇ-കൊമേഴ്സ് പോർട്ടൽ കെ-ഷോപ്പിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഹൈസിന്ത് ഹോട്ടലിൽ മന്ത്രി പി.രാജീവ് നിർവഹിക്കും. കെൽട്രോണിന്റെ സഹായത്തോടെ ബി.പി.ടി (ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫോർമേഷൻ)യുടെ മേൽനോട്ടത്തിലാണ് പോർട്ടൽ തയ്യാറാക്കിയത്. ആന്റണി രാജു എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനാകും. കെൽട്രോൺ എം.ഡി വൈസ് അഡ്മിറൽ ശ്രീകുമാർ നായർ പോർട്ടലിന്റെ പ്രവർത്തനം വിശദീകരിക്കും. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ,ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ്,തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റർ ജനറൽ ഡോ.വിഷ്ണു അംബരീഷ് എം.എസ്,കെൽട്രോൺ ചെയർമാൻ എൻ.നാരായണ മൂർത്തി,ബി.പി.ടി എക്സിക്യൂട്ടീവ് ചെയർമാൻ അജിത്ത് കുമാർ.കെ തുങ്ങിയവർ പങ്കെടുക്കും.
പാലക്കാടും കാഞ്ഞങ്ങാടും
മൂന്ന് വീതം സ്വകാര്യ
എഫ്.എം ചാനലുകൾ
ന്യൂഡൽഹി: പാലക്കാടും കാഞ്ഞങ്ങാടും മൂന്ന് വീതം സ്വകാര്യ എഫ്.എം ചാനലുകൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇതടക്കം രാജ്യത്ത് 234 നഗരങ്ങളിൽ 730 സ്വകാര്യ എഫ്.എം ചാനലുകളാണ് പുതിയതായി വരിക. ലക്ഷദ്വീപിലെ കവരത്തിയിൽ മൂന്ന് ചാനലുകളും ഉൾപ്പെടുന്നു. മാതൃഭാഷയിൽ പ്രാദേശിക ഉള്ളടക്കം വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് 784.87 കോടിയുടെ കരുതൽ തുകയോടെയാണ് പദ്ധതി നടപ്പാക്കുക. ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ മേൽനോട്ടത്തിൽ ഇ-ലേലം വഴി എഫ്.എം ചാനലുകൾക്കുള്ള സ്പെക്ട്രം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിയിച്ചു. എഫ്.എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് ജി.എസ്.ടി ഒഴികെ മൊത്ത വരുമാനത്തിന്റെ 4 ശതമാനമാക്കും.