സ്വാതന്ത്ര്യപ്പുലരിയുടെ നിമിഷങ്ങളിലാണ് അമ്മയുടെ ഹൃദയസ്പന്ദനം മുറിഞ്ഞ് കണ്ണുകളടഞ്ഞത്. ഞാനും അനുജനും അപ്പോൾ അമ്മയുടെ ഇരുകരങ്ങളും ഗ്രഹിച്ച് അവർക്ക് മൃത്യുദേവതയുടെ സ്വച്ഛന്ദാനുഗ്രഹത്തിന് പ്രാർത്ഥിക്കുകയായിരുന്നു. മോർഫിൻ പോലുള്ള മരുന്നുകളെ ആശ്രയിച്ച് ഏറെക്കാലം ആ വേദനയെ തളയ്ക്കാനാവുമായിരുന്നില്ല. മരണം ഖേദകരമെങ്കിലും ആ പരിമിത അർത്ഥത്തിൽ അതൊരു അനുഗ്രഹമായിരുന്നു. ചിതയൊടുങ്ങി ഏറെനേരം മരവിപ്പായിരുന്നു. ആ നിമിഷങ്ങളിൽ സ്വയം ചോദിച്ചു, എന്തായിരുന്നു പത്മനാഭൻ രമാമണിയുടെ (80) മഹത്വം?
1968ൽ, അക്കാലത്ത് അപൂർവമായിരുന്ന ബിരുദാനന്തര ബിരുദം ശാസ്ത്രത്തിൽ നേടി. ചെമ്പഴന്തി എസ്.എൻ കോളേജിൽ 1971-ൽ അദ്ധ്യാപികയായി. അമ്മയുടെ കുടുംബത്തിൽ നിന്ന് ആ പദവിയിലെത്തിയ ആദ്യത്തെയാൾ. 1972മേയിൽ വിവാഹം. 1973-ൽ എനിക്കും 1979-ൽ അനുജനും രമാമണി അമ്മയായി. ഞാൻ ഐ.എ.എസ് നേടിയ 1999 വരെ അദ്ധ്യാപികയായി ശോഭിച്ചു. അക്കാലത്തെ ജന്തുശാസ്ത്രത്തിലെ ഏറ്റവും പ്രഗത്ഭയായ അദ്ധ്യാപികയായിരുന്നു. പ്രീഡിഗ്രിക്ക് എന്റെയും ഗുരുവായിരുന്നു. മുപ്പതുവർഷം അദ്ധ്യാപകവൃത്തിയോടുള്ള കറയില്ലാത്ത പ്രതിബദ്ധതയാണ് അമ്മയിൽ കണ്ടത്. എന്നെ പത്താംക്ലാസ് പരീക്ഷയ്ക്ക് സഹായിക്കാൻ അവധിയെടുക്കാതെ, ഫൈനൽ ബി.എസ്‌സിക്കാരുടെ ചുമതല വഹിക്കുകയായിരുന്നു അമ്മ. 'എനിക്ക് ശമ്പളം തരുന്നത് എന്റെ കുട്ടികളുടെ കാര്യത്തിനാണ്, സിലബസ് തീർക്കാതെ ലീവെടുക്കില്ല!"- ഇതായിരുന്നു നിലപാട്.
മക്കൾക്ക് പ്രാതലും ഉച്ചഭക്ഷണവുമൊരുക്കുന്നതിനിടെ അമ്മ അന്നത്തേക്കു വേണ്ട ടെക്സ്‌റ്റുകളും നോട്ടുകളും റഫർചെയ്യും. വലതുകൈയാൽ പാചകം, ഇടംകൈയിൽ പ്രൊഫ. ഏകാംബരനാഥ അയ്യരുടെ ടെക്സ്‌റ്റുകൾ. ഇതായിരുന്നു അക്കാലത്തെ പതിവുകാഴ്ച. കൃത്യനിഷ്ഠയിൽ വിട്ടുവീഴ്ചയില്ല. വിദ്യാർത്ഥികൾ വൈകാനോ നേരത്തേ പോകാനോ അനുവദിക്കില്ല. പുറമേ കഠിനമെന്നു തോന്നിക്കുമെങ്കിലും മൃദുവായ ഇളനീർ ഹൃദയമായിരുന്നു അമ്മ. സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികളെ രഹസ്യമായി സഹായിച്ചു. ഐ.എ.എസിലെത്തിയ ശേഷം, എപ്പോൾ കാണുമ്പോഴും വ്യക്തിഗത സഹായം വേണ്ടവരുടെ ചുരുക്കപ്പട്ടിക അമ്മ കൈമാറുമായിരുന്നു.
അത്യാവശ്യക്കാർക്കായി 'എനിക്കുവേണ്ടി ഇതു ചെയ്യണം" എന്ന് നിർബന്ധിക്കുമായിരുന്നു. 1971- 73 കാലത്തെ വിദ്യാർത്ഥികളായിരുന്ന അറുപതുവയസുള്ളവർ കഴിഞ്ഞവർഷം സ്മരണികയും സ്‌നേഹവുമായി വീട്ടിലെത്തിയിരുന്നു. അന്ത്യദർശനത്തിനെത്തിയ വിദ്യാർത്ഥികൾ, തങ്ങളെ മാനവികതയുടെ ഉയരങ്ങളിലേക്ക് നയിച്ച അദ്ധ്യാപികയ്ക്ക് പൊട്ടിക്കരഞ്ഞും ഗദ്ഗദപ്പെട്ടും വിടനൽകി. അദ്ധ്യാപകർക്കു മാത്രം കിട്ടുന്ന സമ്പത്താണ് നിഷ്‌ക്കളങ്കമായ ഈ ശിഷ്യസ്‌നേഹാദരങ്ങൾ.
കുടുംബവും വിദ്യാർത്ഥികളുമായിരുന്നു അമ്മയുടെ ലോകം. സിനിമയില്ല, നാടകമോ സംഗീതാസ്വാദനമോ ഇല്ല. ഒരു ക്ലബ്ബിലും അംഗത്വമില്ല. കുടുംബത്തിലെ ചെറുപ്പക്കാർക്കെല്ലാം വഴികാട്ടിയായി. എന്റെ സിവിൽ സർവീസ് ഐച്ഛിക വിഷയം ജന്തുശാസ്ത്രമായിരുന്നു. അമ്മയാണ് വായനാ ലിസ്റ്റ് ഉണ്ടാക്കിയതും സംശയനിവാരണം നടത്തിയതും. ചോദ്യപേപ്പർ കണ്ടശേഷം 'ഒന്നാം പേപ്പറിനായിരിക്കും കൂടുതൽ മാർക്ക് " എന്ന് വിലയിരുത്തി. അതായിരുന്നു സത്യം. രണ്ടാംപേപ്പറിന് കൂടുതൽ മാർക്കുണ്ടാവുമെന്നായിരുന്നു എന്റെ നിഗമനം.
മുപ്പതുകൊല്ലം അദ്ധ്യാപികയായ അമ്മയ്ക്ക് ഈശ്വരൻ നൽകിയ മികവായിരുന്നു ഐ.എ.എസിലെ റെക്കാർഡ് മാർക്കോടെയുള്ള വിജയത്തിലേയ്ക്ക് എന്നെ അടുപ്പിച്ചത്. അമ്മയുടെ അനുഗ്രഹത്തോടെ, മാർച്ചിലെ കൊടുംചൂടിൽ അനിയന്റെ ഷർട്ടും ടൈയും ധരിച്ച് യു.പി.എസ്.സി അഭിമുഖത്തിനെത്തി. ഒടുവിൽ ചെയർമാൻ പറഞ്ഞു: ''ഇക്കൊല്ലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്, അഭിനന്ദനങ്ങൾ."" വീട്ടിലേക്ക് ഫോൺവിളിച്ചപ്പോൾ ''നിനക്കതു കിട്ടും, എനിക്കുപ്പാണ്.""- അമ്മ പറഞ്ഞതിങ്ങനെ. അഭിമുഖ സമയത്ത് കുടുംബ ക്ഷേത്രത്തിൽ അമ്മ പൊങ്കാലയിടുകയായിരുന്നെന്ന് പിന്നീടറിഞ്ഞു.
സർവീസിലെ പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടാൻ, വീട്ടിലെത്തി അമ്മയോടൊപ്പം ഒരു മണിക്കൂർ ചെലവിടുകയായിരുന്നു ഒറ്റമൂലി. മാമ്പഴപുളിശേരിയും മീൻകറിയുമൊക്കെയായി ഊണൊരുക്കി കാത്തിരിക്കും. ഐ.എ.എസ് തിളക്കത്തിൽ നക്ഷത്ര ഹോട്ടലുകളിലെ വിരുന്നുകൾ അനവധിയുണ്ടായിട്ടുണ്ടെങ്കിലും ആ മാമ്പഴക്കറിപ്പുണ്യത്തിന് പകരം വയ്ക്കാനൊന്നില്ല. അമ്പതാണ്ടിൽപ്പരം അമ്മയെന്ന വൻവൃക്ഷത്തിന്റെ തണലിലായിരുന്നു എന്റെ ജീവിതം. എന്റെയും അനുജന്റെയും നേട്ടങ്ങളൊക്കെ അമ്മയുടെ വിപുലമായ പ്രോജക്ടുകളായിരുന്നു. അമ്മയുടെ കാരുണ്യത്താൽ ഏതു പ്രതിസന്ധിയും ഞങ്ങളെ വിട്ടകന്നുപോയി. ഒടുവിൽ നിനച്ചിരിക്കാതെ കടന്നു വന്ന, മനുഷ്യന് ഒഴിവുകഴിവു പറയാനാവാത്ത മരണം അമ്മയെ അപഹരിക്കുമ്പോൾ പരിചിതരിൽ കണ്ട ദു:ഖത്തിലും വേദനയിലും വ്യാജമില്ലായിരുന്നു.
കോമയിലായി രക്തസമ്മർദ്ദം താണുപോകും മുൻപ് കാണാനെത്തിയ സഹപ്രവർത്തകയും കൂട്ടുകാരിയുമായ പ്രൊഫ. ഇന്ദിരാ രാജഗോപാലിനെ കണ്ട അമ്മയുടെ ദുർബലമായ കവിളുകൾ തുടുത്തു. സംസാരശേഷി നഷ്ടമായെങ്കിലും അവരുടെ ആശ്വാസവാക്കുകൾ മൂളിക്കേട്ടു. ഹൗസ് സർജനായ എന്റെ മകൾ വീഡിയോ കാളുകകളിൽ പറഞ്ഞതെല്ലാം കേട്ടു. ദുർഘട ഘട്ടത്തിനിടെ നല്ല മരണം ജീവിതത്തിന്റെ അനിവാര്യതയാണെന്ന് അവർ പറഞ്ഞുതന്നു.
മരണശേഷം ഉടുത്തുകിടത്തേണ്ട; താൻ അൻപത്തിരണ്ടാണ്ട് മുൻപ് ധരിച്ച വിവാഹസാരിയും ഉടയാടകളും തെരഞ്ഞെടുത്ത് സഹോദരീപുത്രിയെ ഏൽപ്പിച്ചിരുന്നു. തന്റെ ആഭരണങ്ങളൊക്കെ സ്‌നേഹിച്ചിരുന്നവർക്കായി സമ്മാനിച്ചു. പേരക്കുട്ടികൾക്ക് വ്യക്തിഗത സമ്പാദ്യങ്ങൾ പകുത്തു നൽകി. ചരമോപചാരവും ചിതയും മാത്രമേ ഞങ്ങൾക്കായി വിട്ടുതന്നുള്ളൂ. ഈശ്വരന് എല്ലാവ്യക്തികളെയും പ്രത്യേകമായി പരിപാലിക്കാൻ പരിമിതികളുള്ളതിനാൽ അദ്ദേഹത്തിന്റെ പ്രതിരൂപമാണ് അമ്മ.
എന്റെ വിളി കേൾക്കാതായി, പ്രകൃതിയിലേക്കു ലയിച്ച ശേഷം ഞാൻ അമ്മയെ തേടിനടക്കുന്നു. ആ ചിതാഭസ്മം ലയിപ്പിച്ചെടുത്ത കടൽത്തിരകളോട്, നിലാവിനോട്, പെയ്തിറങ്ങുന്ന നനുത്ത മഴയോട്, നിലാവിൽ മഴസ്പർശമേറ്റു കുളിരുന്ന കനത്ത ഇലച്ചാർത്തുകളോട്, ഇളംകാറ്റിനോട്, മുറ്റത്തെ പൂക്കാലം ഇനിയുണ്ടാകുമോ എന്നറിയാതെ കുഴങ്ങുന്ന പൂച്ചെടികളോട്, ആരോ ബെൽറ്റോടെ ഉപേക്ഷിച്ച് ദാഹാർത്തനായി ചരമം കൂടാൻ ക്ഷണിക്കപ്പെടാതെ ഗേറ്റു കടന്നു വന്ന വെളുത്ത നായയോട്.... സാഗരത്തിന്റെ തിരപ്പരപ്പിൽ അമ്മ, സാന്ത്വനക്കടൽക്കാറ്റിൽ അമ്മ, മഴക്കുളിരിൽ അമ്മ, പെയ്തിറങ്ങുന്ന നിലാവിലമ്മ, പുഞ്ചിരിക്കുന്ന പൂക്കളിൽ അമ്മ, നാളെ കൊഴിഞ്ഞ് അസ്തമിക്കുമെന്ന് അറിയാമെങ്കിലും ഇന്നും വീറോടെ പൂത്ത മുറ്റത്തെ പൂമരങ്ങളിലൊക്കെയും അമ്മയുടെ ചിരിമുഖം! തണൽ നഷ്ടപ്പെട്ടുപോയ കുട്ടിയായി ഞാനും. തലതൊട്ട് അനുഗ്രഹിക്കുന്ന ആകാശത്തെ മായാത്ത ആ അമ്മമഴവില്ലിനായി ഞാൻ മിഴികൾ നീട്ടും.
(കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷിക സർവകലാശാലാ വി.സിയുമാണ് ലേഖകൻ)