arun

കല്ലമ്പലം: ഷാർജയിൽ നിര്യാതനായ അരുണിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. നാവായിക്കുളം അരുൺ വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെയും പത്മിനിഅമ്മയുടെയും മകൻ അരുൺ (39) ആണ് ഒരുമാസം മുമ്പ് ഷാർജയിൽ മരിച്ചത്. അരുണിന്റെ മൃതദേഹം ഷാർജ കുവൈറ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു മാസമായിട്ടും ബന്ധുക്കൾ അന്വേഷിച്ചെത്താതായതോടെ മൃതദേഹം അവിടെ സംസ്ക്കരിക്കാനിരിക്കെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ കെ.എം.സി.സിയെ അറിയിക്കുകയും യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തകൻ നിഹാസ് കല്ലറ നടത്തിയ അന്വേഷണത്തിൽ നാട്ടിലെ ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് അരുണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഷാർജ കുവൈറ്റ്‌ ആശുപത്രിയിലെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു. ഏറെ നാളായി അരുണിന് വീട്ടുകാരുമായും സുഹൃത്തുകളുമായും യാതൊരുവിധ ബന്ധവുമില്ലായിരുന്നു. ഏഴു മാസം മുൻപാണ് അരുൺ വിദേശത്തേയ്ക്ക് പോയത്. എങ്ങനെ മരിച്ചെന്നത് വ്യക്തമല്ല. ഭാര്യ മീരയുമായി അകന്നുകഴിയുകയായിരുന്നു. ഏക മകൻ :ദേവനാരായണൻ.