photo

നെയ്യാറ്റിൻകര: ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ട നെയ്യാറ്റിൻകര വെടിവയ്‌പിന് നാളെ 86 വയസ്.1938 ആഗസ്റ്റ് 31ന് ഉണ്ടായ വെടിവയ്‌പിൽ അത്താഴമംഗലം രാഘവൻ,കല്ലുവിള പൊടിയൻ,നടൂർക്കൊല്ല കുട്ടൻ,കുട്ടൻപിള്ള,വാറുവിളാകം മുത്തൻപിള്ള,വാറുവിളാകം പദ്മനാഭൻപിള്ള,മരുത്തൂർ വാസുദേവൻ എന്നിവർ കൊല്ലപ്പെട്ടു.സമീപത്തെ വീട്ടിലുണ്ടായിരുന്ന കാളി എന്ന സ്ത്രീയും വെടിയേറ്റ് മരിച്ചു.വെടിവയ‌്പിന്റെ വാർഷികത്തോടനുബന്ധിച്ച് നാളെ സ്വദേശാഭിമാനി പാർക്കിലെ സ്‌മൃതി മണ്ഡപത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണവും നടക്കും.

ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ് വെടിവയ്‌പ് നടന്നത്. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിള്ളയെ 1938 ആഗസ്റ്റ് 30ന് ബ്രിട്ടീഷ് പട്ടാളം അറസ്റ്റുചെയ്തതിനെ തുടർന്നായിരുന്നു പ്രക്ഷോഭങ്ങൾ തുടങ്ങിയത്. അറസ്റ്റിനോടനുബന്ധിച്ച് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ നടന്നു. ഇതിന് നേതൃത്വം നൽകിയത് സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാവും നഗരസഭാ മുൻ ചെയർമാനുമായിരുന്ന നെയ്യാറ്റിൻകര എൻ.കെ.പദ്‌മനാഭ പിള്ളയായിരുന്നു.ഇതിൽ രോഷാകുലരായ ബ്രിട്ടീഷ് പട്ടാളം ആഗസ്റ്റ് 31ന് ‌പദ്‌മനാഭ പിളളയെ അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ 75 പേർ അത്താഴമംഗലം രാഘവന്റെ നേതൃത്വത്തിൽ പദ്‌മാനാഭ പിള്ളയ്‌ക്ക് അഭിവാദ്യമർപ്പിച്ച് ജാഥ നടത്തി.ഇന്നത്തെ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജാഥ എത്തിയപ്പോഴേക്കും ജനറൽ വാട്കീസിന്റെ നേതൃത്വത്തിൽ പാഞ്ഞെത്തിയ ബ്രിട്ടീഷ് പട്ടാളം യാതൊരു മുന്നറിയിപ്പും കൂടാതെ വെടിവയ്‌ക്കുകയായിരുന്നു.