palakkad

അരലക്ഷത്തിലേറെപ്പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന വ്യവസായ സ്മാർട്ട് സിറ്റി പാലക്കാട് കഞ്ചിക്കോടിനടുത്തുള്ള പുതുശ്ശേരിയിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് വൻ ഗതിവേഗം നൽകാൻ ഉതകുന്നതാണ്. 1710 ഏക്കറിലായി 3806 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്‌മാർട്ട് സിറ്റിയിൽ 8,729 കോടി രൂപയുടെ നിക്ഷേപത്തിന് കളമൊരുങ്ങും. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും തുല്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും സ്വകാര്യ വ്യവസായശാലകളാവും ഇവിടെ സ്ഥാപിക്കപ്പെടുക. സർക്കാർ സ്ഥാപനങ്ങളും ഉണ്ടാകും. ചുവപ്പുനാടകളിൽ കുരുങ്ങില്ല എന്നതാണ് സ്മാർട്ട് വ്യവസായ നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വ്യവസായ സ്ഥാപനങ്ങൾ അപേക്ഷിച്ചാൽ ഉടൻ ഭൂമി അനുവദിക്കും. സജ്ജീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രവർത്തനാനുമതിയും ലഭിക്കും.

നിർദ്ദിഷ്ട സ്മാർട്ട് സിറ്റിയിൽ 2030-നു മുമ്പ് വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലായി 28,602 കോടി രൂപ ചെലവിൽ 12 വ്യവസായ സ്മാർട്ട് സിറ്റികൾക്കാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകിയത്. രാജ്യത്തെ ആറ് പ്രധാന വ്യവസായ ഇടനാഴികളെ ബന്ധിച്ചാവും 12 വ്യവസായ നഗരങ്ങളെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴിയുടെ തുടർച്ച എന്ന നിലയിലാണ് പാലക്കാടിന് ലഭിച്ചിരിക്കുന്ന ഈ അംഗീകാരം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുതകുന്ന ആസൂത്രണമാണ് സംസ്ഥാന വ്യവസായ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇനി ഉണ്ടാകേണ്ടത്.

മെഡിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ ഹൈടെക് ഇൻഡസ്ട്രി, നോൺ - മെറ്റാലിക് മിനറൽ ഉത്‌പന്നങ്ങൾ, ഫാബ്രിക്കേറ്റഡ് മെറ്റൽ ഉത്പന്നങ്ങൾ, റബർ - പ്ളാസ്റ്റിക് ഉത്പന്നങ്ങൾ, മെഷീണറി ആൻഡ് എക്യുപ്‌മെന്റ് തുടങ്ങിയ മേഖലകളിലാവും പാലക്കാട്ടെ വ്യവസായ നഗരം ശ്രദ്ധ കേന്ദ്രീകരിക്കുക. മുൻനിരക്കാരായ പ്രവാസി വ്യവസായികളെയും ഈ സംരംഭത്തിന്റെ ഭാഗമാക്കാൻ സർക്കാർ ശ്രമിക്കേണ്ടതാണ്. ഇവിടെ തുടങ്ങുന്ന വ്യവസായ മേഖലയിലേക്ക് സമാനമായ മേഖലയിൽ വിദേശത്ത് തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് ഒരു നിശ്ചിത ശതമാനം തൊഴിൽ നീക്കിവയ്ക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. അഞ്ച് വർഷത്തിനുള്ളിൽ 10 സംസ്ഥാനങ്ങളിൽ ഈ പദ്ധതി പൂർത്തിയാകുമ്പോൾ അത് ഇന്ത്യയുടെ വ്യവസായ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറാൻ ഇടയാക്കുന്നതാണ്.

പാലക്കാട് വ്യവസായ നഗരത്തിന്റെ ജോലികൾ നടപ്പ് സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്നാണ് നാഷണൽ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പും അതിന് നേതൃത്വം നൽകുന്ന മന്ത്രി പി. രാജീവും 1790 കോടി രൂപയുടെ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതിനാലാണ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഇത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണ്. സംസ്ഥാനത്ത് വിവാദങ്ങൾ മാത്രമല്ല ഇത്തരം ക്രിയാത്‌മകമായ കാര്യങ്ങളും നടക്കുന്നുണ്ട് എന്നത് സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയിൽ വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. തുടക്കത്തിലുള്ള ഈ ശുഷ്‌കാന്തി പദ്ധതി പൂർത്തിയാകുന്നതുവരെ വ്യവസായ വകുപ്പിലെ കേന്ദ്ര - സംസ്ഥാന ഉദ്യോഗസ്ഥർ നിലനിറുത്തേണ്ടതാണ്. രൂപരേഖയ്ക്ക് അനുമതി നൽകുക, റോഡ് ഉൾപ്പെടെയുള്ള ഗതാഗതസൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവ സംസ്ഥാന സർക്കാരിന്റെ കടമയായതിനാൽ അത് എത്രയും വേഗം പൂർത്തിയാക്കുന്നതിനാവണം വ്യവസായ വകുപ്പ് ഇനി മുൻഗണന നൽകേണ്ടത്.