തിരുവനന്തപുരം:കാനഡയിലെ വിവിധ കമ്പനികളിൽ സൂപ്പർവൈസർ, ഡേറ്റാ എൻട്രി തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ശാസ്തമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി 10 കോടിയോളം രൂപ തട്ടിച്ചെന്ന് ആരോപണം. പണം നൽകി ഒന്നരവർഷമായിട്ടും വിസ കിട്ടാതായതോടെയാണ് ഉദ്യോഗാർത്ഥികൾ തട്ടിപ്പ് തിരിച്ചറിഞ്ഞത്.പണം തിരികെ ചോദിച്ചപ്പോൾ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് സ്ഥാപന നടത്തിപ്പുകാർ ആരോപണവും ഉന്നയിച്ചെന്നും കോഴിക്കോട് സ്വദേശി നിഷാദ്,വയനാട് സ്വദേശി അഭിഷാജി എന്നിവർ പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിലുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്.പലരും ജപ്തി ഭീഷണിയിലാണ്.ചിലരുടെ പാസ്‌പോർട്ട് സ്ഥാപനത്തിന്റെ കൈവശമാണ്.ഭയമുള്ളതിനാൽ ഇരയായവരിൽ ചിലർ മുഖ്യധാരയിലെത്തിയിട്ടില്ല. പൊലീസിൽ പരാതിപ്പെട്ടപ്പോൾ സിവിൽ കേസ് ആയതിനാൽ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതായി ഇവർ പറഞ്ഞു. ഡി.ജി.പി അടക്കമുള്ളവർക്ക് പരാതി നൽകാൻ ആലോചിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.