വക്കം: നിലയ്ക്കാമുക്ക് പണയിൽക്കടവ് റോഡുപണി പ്രതിസന്ധിയിൽ. മാസങ്ങൾക്കു മുൻപ് റോഡ് വെട്ടിപ്പൊളിച്ച് മെറ്റൽ നിരത്തി ആരംഭിച്ച നിലയ്ക്കാമുക്ക് പണയിൽകടവ് റോഡിന്റെ പണി തുടരാൻ സാധിക്കില്ലെന്നറിയിച്ച് കരാറുകാരൻ പിൻവാങ്ങി. പണി തുടർന്നാൽ കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയതായും കരാറുകാരൻ പറയുന്നു.
നിരത്തിയ മെറ്റലുകളെല്ലാം മഴയത്ത് ഒലിച്ചുപോയി. ജല അതോറിട്ടി പൈപ്പിടുന്നതിനായെടുത്ത കുഴി മൂടാത്തതും റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടന്ന റോഡ് നിർമ്മാണത്തിനായി നിരവധി തവണ ടെൻഡർ വിളിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാതെ വരികയും ഒടുവിൽ നാലു കോടി 34 ലക്ഷം രൂപയ്ക്ക് ടെൻഡറെടുത്ത് ജനുവരിയിൽ പണി ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന് 4.5 കിലോമീറ്റർ ദൂരമാണുള്ളത്.
പണി നിറുത്തി
നിലയ്ക്കാമുക്കിൽ നിന്നും ഓടയുടെ ഉയരം കൂട്ടുകയും റോഡിലെ താഴ്ചയുള്ള ഭാഗങ്ങൾ മെറ്റലിട്ട് ഉയർത്തിയും പ്രാരംഭഘട്ട ജോലികൾ പൂർത്തിയാക്കി ടാറിംഗിന് തയ്യാറെടുക്കവെ ജലസേചനവകുപ്പ് നിലയ്ക്കാമുക്ക് ആങ്ങാവിള ഭാഗത്ത് നിന്നും വക്കത്തേക്ക് പൈപ്പിടാനുള്ള ജോലികൾ പൂർത്തിയാക്കാനുണ്ടെന്ന് അറിയിച്ച് പണി നിറുത്തിവയ്പിക്കുകയായിരുന്നു.
റോഡുപണി നടത്തിയതിൽ ക്രമക്കേടുണ്ടെന്നുകാട്ടി നാട്ടുകാരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ വിവിധ വകുപ്പുകൾക്ക് പരാതി നൽകിയതും റോഡുപണി അനിശ്ചിതത്വത്തിലാക്കി.
അപകടങ്ങൾ തുടർക്കഥ
നിലയ്ക്കാമുക്കിൽ നിന്നും ആങ്ങാവിള വരെയുള്ള വീതികുറഞ്ഞ ഭാഗത്ത് പൈപ്പിടുന്നതിനായി റോഡിന്റെ വശങ്ങളിൽ കുഴിച്ച കുഴികൾ മൂടാത്തതും അപകടങ്ങളുണ്ടാക്കുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപ് വക്കം ആങ്ങാവിള ഭാഗത്ത് പൈപ്പിടാനായെടുത്ത കുഴിയിൽ
ടൂറിസ്റ്റ് ബസ് വീണ് ഒരുവശം താഴ്ന്നു പോയിരുന്നു. ഇത് ഗതാഗത തടസമുണ്ടാക്കി.
രാത്രികാലങ്ങളിൽ പ്രദേശത്ത് വഴിവിളക്കില്ലാത്തതും അപകടങ്ങളുണ്ടാക്കുന്നുണ്ട്. ദിനംപ്രതി സ്കൂൾ വാഹനങ്ങളും സ്വകാര്യ ബസുകളും ഉൾപ്പെടെ കടന്നുപോകുന്ന റോഡിൽ യാത്രക്കാരുടെ സുരക്ഷയൊരുക്കുന്ന കാര്യത്തിൽ അധികാരികളുടെ മൗനം തുടരുകയാണ്.
പൈപ്പിടലിന്റെ പേരിൽ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.