കല്ലറ:മൃതദേഹം മറവുചെയ്യാൻ ഇനി വീടിന്റെ അടുക്കള പൊളിക്കണ്ട. കല്ലറയിലെ ശ്മശാനം പ്രവർത്തനക്ഷമം.സാങ്കേതിക തകരാറുമൂലം കുറച്ചു നാളായി പ്രവർത്തനരഹിതമായിരുന്ന ശ്മശാനം കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച് പ്രവർത്തനക്ഷമമാക്കി.
കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡിൽ 2005ലാണ് പൊതുശ്മശാനം നിർമ്മിച്ചത്.വിറകിലായിരുന്നു അന്ന് സംസ്കരിച്ചിരുന്നത്.എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ശ്മശാനം നാശത്തിന്റെ വക്കിലായി. തുടർന്ന് 2015 - 20 ഭരണക്കാലയളവിൽ ഒന്നരക്കോടി രൂപ മുടക്കി ജില്ലാപഞ്ചായത്ത് ശ്മശാനം പുനർനിർമ്മിച്ചു.ഗ്യാസ് ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കുന്ന രീതിയിലായിരുന്നു നിർമ്മാണം.ശ്മശാനത്തിന്റെ പണിപൂർത്തിയാക്കി ജില്ലാപഞ്ചായത്ത് താക്കോൽ പഞ്ചായത്തിന് കൈമാറി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ മൃതദേഹം വയ്ക്കുന്ന ഭാഗം കേടായാണ് ശ്മശാനത്തിന്റെ പ്രവർത്തനം വീണ്ടും നിലച്ചത്. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്തയും നൽകിയിരുന്നു.
ആശ്രയിക്കുന്നത് നിരവധിപേർ
തോട്ടം തൊഴിലാളികളും പട്ടികജാതി - വർഗ വിഭാഗത്തിൽപ്പെട്ടവരും ഏറെയുള്ള കല്ലറ - പാങ്ങോട് പഞ്ചായത്തുകളിലെ ഭൂരഹിതർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. സമീപ പഞ്ചായത്തുകളായ പാങ്ങോട്,പുളിമാത്ത് പഞ്ചായത്തുകളിലും പൊതു ശ്മശാനമില്ലത്തതിനാൽ അവിടുള്ളവർക്ക് ഈ ശ്മശാനത്തെ ആശ്രയിക്കാം.
പ്രവർത്തനം
കൊവിഡ് സമയത്തുൾപ്പെടെ നിരവധി പേർക്ക് ഉപകാരപ്രദമായ ശ്മശാനത്തിൽ ബി.പി.എല്ലുകാർക്ക് 1500 രൂപയും എ.പി.എൽകാർക്ക് 2000 രൂപയുമാണ് ചാർജ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം' പഞ്ചായത്തിലാണ് ഫീസ് അടയ്ക്കേണ്ടത്.