cpm

തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷ് നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന് സി.പി.ഐ നിലപാടെടുത്തപ്പോൾ തത്കാലം അതിന്റെ ആവശ്യമില്ലെന്ന് സി.പി.എം. പാർട്ടി അംഗത്വമില്ലെങ്കിലും രണ്ടു തവണയും സി.പി.എം ചിഹ്നത്തിലാണ് മുകേഷ് മത്സരിച്ച് ജയിച്ചത്.

ഇന്നലെ പ്രത്യേക എക്‌സിക്യുട്ടീവിലെടുത്ത നിലപാട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറിയെയും അറിയിക്കും. സി.പി.എം അവയ്‌ലെബിൾ സെക്രട്ടേറിയറ്റ് യോഗമാണ് ഇപ്പോൾ രാജി ആവശ്യപ്പെടേണ്ടെന്ന് തീരുമാനിച്ചത്.

അതേസമയം,​ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കും. കേസിന്റെ പുരോഗതി നോക്കി കടുത്ത നിലപാട് വേണമെങ്കിൽ സ്വീകരിക്കും. ഇന്ന് ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് വിഷയം ആഴത്തിൽ പരിശോധിക്കും.

നടി ഉയർത്തിയ ആരോപണത്തെ തുടർന്ന് മുകേഷിനെതിരെ കടുത്ത വിമർശനമാണ് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നത്. യൂത്ത് കോൺഗ്രസും മഹിള കോൺഗ്രസും മുകേഷിന്റെ തലസ്ഥാനത്തെ വസതിയിലേക്ക് ഇന്നലെയും മാർച്ച് നടത്തി.

ഉപതിരഞ്ഞെടുപ്പ്

ആഗ്രഹിക്കാതെ പാർട്ടി

 പീഡനാരോപണം നിലനിൽക്കെ മുകേഷിനെ രാജിവയ്പിച്ച് കൊല്ലത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ

മാത്രമല്ല,​ 2021ൽ 2072 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് മുകേഷ് രണ്ടാം വട്ടം ജയിച്ചത്. 2016ൽ 17,​611ന്റെ ഭൂരിപക്ഷം നേടിയിരുന്നു

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ ​ കൊല്ലത്ത് 1.5 ലക്ഷം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷം എൻ.കെ. പ്രേമചന്ദ്രൻ നേടുകയും ചെയ്തു

സി.പി.ഐയിൽ ഭിന്ന സ്വരം

മുകേഷിന്റെ രാജിക്കാര്യത്തിൽ നിലപാടെടുക്കാൻ ചേർന്ന സി.പി.ഐ എക്‌സിക്യൂട്ടീവിൽ ഭിന്നതയുമുയർന്നു. ധാർമ്മികതയുടെ പ്രശ്നമായതിനാൽ രാജിതന്നെ വേണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. എന്നാൽ രാജി ആവശ്യം കടുപ്പിക്കേണ്ടതില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. സി.പി.എമ്മാണ് തീരുമാനമെടുക്കേണ്ടത്. രണ്ടു കോൺഗ്രസ് എം.എൽ.എമാർ നേരത്തേ പീഡന പരാതിയിൽ പ്രതി ചേർക്കപ്പെട്ടിരുന്നെങ്കിലും രാജിവച്ചില്ല. ഇക്കാര്യം വ്യക്തമാക്കി സി.പി.എം മുകേഷിനു പ്രതിരോധം തീർക്കുമ്പോൾ രാജി ആവശ്യപ്പെടുതു മുന്നണി മര്യാദയല്ലെന്ന അഭിപ്രായവും ഉയർന്നു. എന്നാൽ ഭൂരിപക്ഷ ആവശ്യം അംഗീകരിക്കുകയായിരുന്നു. പരസ്യ നിലപാടെടുത്ത ചില നേതാക്കളുടെ നടപടിയിൽ ബിനോയ് വിശ്വം അതൃപ്തി രേഖപ്പെടുത്തി.