തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് യുവജന സംഘടനകളുടെ പ്രതിഷേധം കനത്തു. യുവമോർച്ച പ്രവർത്തകർ ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസിന്റേയും മഹിളാ കോൺഗ്രസിന്റേയും നേത‌ൃത്വത്തിൽ മുകേഷിന്റെ കുമാരപുരത്തെ വീട്ടിലേക്കും മാർച്ച് നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്ന് വൈകിട്ട് 3.45ന് പുറത്തുപോയതിന് പിന്നാലെയായിരുന്നു യുവമോർച്ച മാർച്ച്. സംസ്ഥാന പ്രസി‌ഡന്റ് പ്രഭുൽകൃഷ്‌ണ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം ജുമുൻ ജഹാംഹീറിനും ജില്ലാപ്രസിഡന്റ് സദിത്തിനും വിരലുകൾക്ക് പരിക്കേറ്റു. വനിതകളടക്കമുള്ളവർ തെറിച്ചുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മുകേഷിന്റെ വീടിന് പിൻഭാഗത്തുകൂടെ എത്തിയ പ്രവർത്തകർ മുൻവശത്തെ വാതിലിൽ മുട്ടിയത് പൊലീസ് തടഞ്ഞു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി. മഹിളാ കോൺഗ്രസ് ഉപാദ്ധ്യക്ഷ ലക്ഷ്മി ആർ.അനിൽ,വൈസ് പ്രസിഡന്റുമാരായ ഷീല.ജി,ഫാത്തിമ,ജനറൽ സെക്രട്ടറിമാരായ സീനത്ത്,ഷെമി,സുപ്രിയ,ബ്ലോക്ക് പ്രസിഡന്റുമാരായ ബിജി ആനന്ദ്,ആശ എന്നിവർ പങ്കെടുത്തു.

യൂത്ത് കോൺഗ്രസ് മുകേഷിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് കഴക്കൂട്ടം അസംബ്ലി മണ്ഡലം പ്രസിഡന്റ് അഭിജിത്ത് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി രജിത് രവീന്ദ്രൻ,വട്ടിയൂർക്കാവ് അസംബ്ലി മണ്ഡലം പ്രസിഡന്റ് രഞ്ജിത് അമ്പലമുക്ക്,ജില്ല സെക്രട്ടറി രേഷ്മ,ജില്ലാ വൈസ് പ്രസിഡന്റ് സെയ്‌താലി കായ്പ്പാടി എന്നിവർ നേതൃത്വം നൽകി.