തിരുവനന്തപുരം: നിലവിൽ മൂന്നു വർഷ ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും നാലു വർഷ കോഴ്സുകളിലേക്ക് മാറാനുള്ള നിയമഭേദഗതി ഉടൻ തയ്യാറാവും.
നിലവിലെ സിലബസിനൊപ്പം അഡിഷണൽ കോഴ്സുകൾ വിജയിച്ചാൽ നാലു വർഷ ബിരുദക്കാർക്ക് നൽകുന്ന ഓണേഴ്സ് ഡിഗ്രി നൽകുന്നതാണ് പരിഗണനയിൽ. ഇതിനുള്ള നിർദ്ദേശം സമർപ്പിക്കാൻ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ വൈസ് പ്രസിഡന്റായിരുന്ന പ്രൊഫ.സുരേഷ് ദാസ് അദ്ധ്യക്ഷനായ കരിക്കുലം കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.
നാലു വർഷ ബിരുദത്തിലേക്ക് മാറണമെന്ന് നിരവധി വിദ്യാർത്ഥികൾ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് നിയമഭേദഗതിയെന്ന് സർക്കാർ വിശദീകരിച്ചു. ഇത്തരമൊരു സംവിധാനം രാജ്യത്തൊരിടത്തുമില്ല. അടുത്ത വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കാനാണ് നീക്കം. ആവശ്യമുള്ളവർക്ക് മാത്രം നാലു വർഷത്തിലേക്ക് മാറിയാൽ മതിയാവും. ഇത് നടപ്പാക്കണമെങ്കിൽ മൂന്നു വർഷ കോഴ്സിന്റെ റഗുലേഷനിലും സർവകലാശാലാ നിയമങ്ങളിലുമടക്കം ഭേദഗതി വേണ്ടി വരും. ഭേദഗതിയുടെ കരട് വാഴ്സിറ്റികൾക്ക് സർക്കാർ തയ്യാറാക്കി നൽകും.
പി.ജിക്ക് കൂടുതൽ
ഓപ്ഷൻ ലഭിക്കും
നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബറിൽ തുടങ്ങാനിരിക്കെ ,കോഴ്സ് നടത്തിപ്പ് പൂർണമായും മികച്ചതായില്ലെന്ന ആക്ഷേപമുയരുന്നതിനിടെയാണ് നിലവിലെ വിദ്യാർത്ഥികളെ നാലു വർഷത്തിലേക്ക് മാറ്റാനുള്ള ഭേദഗതി വരുന്നത്.ഇതിനൊപ്പം പി.ജി കോഴ്സുകളുടെ കരിക്കുലവും പരിഷ്കരിക്കുന്നുണ്ട്. നാലു വർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ നേരിട്ട് രണ്ടാം വർഷത്തേക്ക് പ്രവേശനം അനുവദിക്കും. അതിനാൽ നാലു വർഷ ബിരുദത്തിന്റെ അവസാന 2സെമസ്റ്ററുകളിലെ സിലബസ്, പി.ജി ഒന്നാം വർഷത്തിന്റേതിന് തുല്യമാക്കും. ബിരുദത്തിലെ മേജർ, രണ്ട് മൈനർ വിഷയങ്ങൾക്ക് പുറമെ അധികമായി പഠിച്ച സ്കിൽ കോഴ്സുകളിലും പി.ജി ചെയ്യാനാവും. ഇതോടെ പി.ജി പഠിക്കാനുള്ള കൂടുതൽ ഓപ്ഷനുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കും. മോഡൽ പി.ജി കരിക്കുലവും ക്രെഡിറ്റ് ഘടനയും തയ്യാറാക്കാനും പ കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. 4 മാസത്തിനകം റിപ്പോർട്ട് നൽകണം.
ഗവേഷണത്തിന്
പ്രാധാന്യമേറും
ബിരുദാനന്തരബിരുദ കോഴ്സുകൾ പൂർണമായി ഗവേഷണാധിഷ്‌ഠിതമാവും.
എല്ലാ സയൻസ് പി.ജി കോഴ്സുകളും വ്യവസായബന്ധിതമാക്കും.
വ്യവസായ പരിശീലനവും ഇന്റേൺഷിപ്പും നൈപുണ്യവികസനവും .
പുറമെ നിന്ന് തൊഴിലധിഷ്ഠിത, ഓൺലൈൻ കോഴ്സുകളടക്കം പഠിക്കാം.