മാസ്റ്റർപ്ലാനിൽ ഇളവ് നൽകി വീടിന് അനുമതി
തിരുവനന്തപുരം: അടച്ചുറപ്പുള്ള വീട് പൂർത്തിയാക്കാനായി നെട്ടോട്ടമോടിയ കുടുംബങ്ങൾക്ക് ആശ്വാസമായി കോർപറേഷൻ പരിധിയിലെ തദ്ദേശ അദാലത്ത്. പുഞ്ചക്കരിയിലെ പ്രവീണയുടെയും പേട്ട പാൽക്കുളങ്ങര സ്വദേശി ഷിബുവിന്റെയും പ്രശ്നങ്ങൾക്കാണ് മിനിട്ടുകൾക്കുള്ളിൽ പരിഹാരമായത്. അപൂർവ ജനിതകരോഗ ബാധിതയായ മകൾ ഉൾപ്പെടെ രണ്ട് പെൺമക്കളും ഓട്ടോറിക്ഷ തൊഴിലാളിയായ ഭർത്താവുമടങ്ങുന്ന തന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് പണിയാനുള്ള തടസം മാറ്റാനാണ് പ്രവീണയെത്തിയത്.
ലൈഫ് പി. എം.എ.വൈ പദ്ധതി പ്രകാരം മൂന്ന് സെന്റ് വസ്തുവിൽ വീട് വയ്ക്കുന്നതിന് നാലുലക്ഷം രൂപ നഗരസഭയിൽ നിന്ന് അനുവദിച്ചിരുന്നു.എന്നാൽ നിലവിലെ വീട് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രവീണയ്ക്കുള്ളത്.നിയമപ്രകാരം നിലവിലെ വീടിനോടു ചേർന്ന് പുതിയത് പണിയാൻ അനുവദിക്കില്ലെങ്കിലും ഇവരുടെ ബുദ്ധിമുട്ട് കണ്ട് പ്രത്യേക അനുമതി നൽകുകയായിരുന്നു.
വീട് നിർമ്മിക്കാനുള്ള അധിക തുക കോർപ്പറേഷന്റെ സ്വന്തം ഫണ്ടിൽ നിന്നോ സ്‌പോൺസർഷിപ്പ് വഴിയോ കണ്ടെത്തുന്നതിനും മന്ത്രി എം.ബി.രാജേഷ് നിർദേശം നൽകി.
കോർപ്പറേഷൻ സഹായത്തോടെ വാങ്ങിയ ഭൂമിയിൽ ലൈഫ് പി.എം.എ.വൈ വീടിന് നിർമ്മാണ പെർമിറ്റ് ലഭിക്കുന്നില്ലെന്നായിരുന്നു ഷിബു.എസ്.കെയുടെ പരാതി.ഇവരുടെ ഭൂമി പുതിയ മാസ്റ്റർപ്ലാൻ പ്രകാരം നിർമ്മാണം അനുവദിക്കാത്ത കൺസർവേറ്റീവ് സോണിലാണ്.മാസ്റ്റർപ്ലാൻ വരുന്നതിനു മുൻപ് നൽകിയ പെർമിറ്റുകൾക്ക് മാത്രമേ ഇവിടെ നിർമ്മാണ അനുമതിയുള്ളൂ. ഇക്കാരണത്താലാണ് പെർമിറ്റ് നിഷേധിച്ചത്.
മാസ്റ്റർപ്ലാൻ കരട് പ്രസിദ്ധീകരിക്കുന്നതിനു മുൻപാണ് സ്ഥലം വാങ്ങിയതെന്നും അപേക്ഷകന് മറ്റ് ഭൂമിയില്ലെന്നും വ്യക്തമായതോടെ പ്രത്യേക ഇളവ് നൽകി ഷിബുവിന് ഉടൻ പെർമിറ്റ് നൽകാൻ മന്ത്രി കോർപറേഷന് നിർദ്ദേശം നൽകുകയായിരുന്നു.