തിരുവനന്തപുരം: നൂറാം വാർഷികത്തിന്റെ പടിവാതിലിലെത്തിയ ആർ.എസ്.എസിന്റെ (രാഷ്ട്രീയ സ്വയം സേവക സംഘം) അഖിലഭാരതീയ സമന്വയ ബൈഠക്ക് നാളെ പാലക്കാട് ആരംഭിക്കുമ്പോൾ അതിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. പതിനഞ്ച് വർഷത്തെ തുടർഭരണത്തിലേക്ക് ചുവടുവയ്ക്കുന്ന ബി.ജെ.പിയുടെ അടിസ്ഥാന ശിലയെന്ന നിലയിൽ, ആർ.എസ്.എസിന്റെ നയസമീപനങ്ങൾ വിലയിരുത്തപ്പെടുന്ന സമ്മേളനമാണിത്. അതിൽ മാറ്റങ്ങൾ ഉണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇനി ലക്ഷ്യത്തിലേക്ക് അഞ്ച് ചുവടുകളെന്നാണ് കഴിഞ്ഞ അഖിലഭാരതീയ സമന്വയ ബൈഠക്കിൽ ആർ.എസ്.എസ് നിശ്ചയിച്ചത്. അതിന്റെ വിലയിരുത്തലും പുനഃക്രമീകരണവും ആണ് മൂന്ന് ദിവസത്തെ ബൈഠക്കിലുണ്ടാകുക.
രാഷ്ട്രത്തിന്റെ പരമവൈഭവമാണ് ആർ.എസ്.എസ് ഉയർത്തിക്കാട്ടുന്നത്. ശാഖാ മുഖ്യശിക്ഷകൻ മുതൽ സർസംഘചാലക് വരെയുള്ള നേതൃത്വം. യോഗയും സേവനവുമുൾപ്പടെ ആറ് കാര്യക്രമങ്ങളുള്ള പ്രതിദിന ശാഖാസംവിധാനം. രക്ഷാബന്ധനും മകരസംക്രാന്തിയും ഉൾപ്പെടെ വർഷത്തിൽ ആറ് സമാജ ഉത്സവങ്ങൾ. ഇന്ന് ഇതെല്ലാം രാജ്യം മുഴുവൻ ആഘോഷിക്കുന്നത് വിജയമായി കാണുകയാണ് ആർ.എസ്.എസ്.
ഇനി ലക്ഷ്യപ്രപ്തിയിലേക്ക് അവശേഷിക്കുന്ന അഞ്ച് ചുവടുകൾ പൂർത്തിയാക്കാനുള്ള കർമ്മപദ്ധതിക്കാണ് പൂനെയിൽ കഴിഞ്ഞവർഷം ചേർന്ന അഖിലഭാരതീയ സമന്വയ ബൈഠക്ക് രൂപം നൽകിയത്. അതിന്റെ ആദ്യവിലയിരുത്തലാണ് നാളെ മുതൽ നടക്കുക. ഇനിയുള്ള അഞ്ച് ചുവടുകളും സമൂഹവുമായി ബന്ധപ്പെട്ടതാണ്. സാമൂഹ്യപരിവർത്തനത്തിന് പഞ്ചപരിവർത്തന ഗതിവിധികളാണ് അംഗീകരിച്ചത്. ഗതിവിധികൾ എന്നാൽ കർമ്മപദ്ധതിയന്നാണർത്ഥം. സാംസ്കാരികമായി വ്യക്തികളേയും കുടുംബത്തേയും പരിവർത്തനം ചെയ്യുന്ന 'കുടുംബ പ്രബോധൻ', സാംസ്കാരികമായും സാമ്പത്തികമായും ദേശസ്നേഹമുണ്ടാക്കാനുള്ള 'സ്വദേശി',രാജ്യം,സംസ്ഥാനം,സംസ്കാരം,വർഗം,ജാതി മതം,നിയമം തുടങ്ങിയ വ്യത്യസ്തതകൾ ഒഴിവാക്കി എല്ലാം ഒരേപോലെയാക്കുന്ന 'സാമാജസമരസത',ശുചിത്വം,പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുള്ള 'പര്യാവരൺ",എല്ലാവർക്കും രാജ്യത്തോട് കൂറും കടപ്പാടും ധർമ്മബോധവുമുണ്ടാക്കുന്ന 'പൗരബോധം" തുടങ്ങിയവാണ് ഈ അഞ്ച് കർമ്മപദ്ധതികൾ.
ഇതിനായി സംഘടനാ സംവിധാനത്തിൽ അടിസ്ഥാനപരമായി മാറ്റം വരുത്താൻ കഴിഞ്ഞ സമന്വയബൈഠക്കിൽ തീരുമാനിച്ചിരുന്നു. ശാരീരിക പരിശീലനം,ബൗദ്ധികപരിശീലനം,സംഘടനാവ്യവസ്ഥ എന്നിവയിൽ മാറ്റങ്ങളുണ്ടാക്കുന്ന സംഘടനാശ്രേണി, പ്രചാരം,സമ്പർക്കം,സേവനം എന്നിവയിൽ മാറ്റങ്ങളുണ്ടാക്കുന്ന ജാഗരണശ്രേണി എന്നിങ്ങനെയാണ് സംഘടനാസംവിധാനത്തിലെ മാറ്റങ്ങൾ. ഇതിന് അനുസൃതമായി സംഘടനയുടെ വ്യാപനം ശക്തിപ്പെടുത്താനും ഗുണനിലവാരം ഉയർത്താനും ഉള്ള നടപടികളുമെടുത്തിട്ടുണ്ട്. സംഘടനാനേതാക്കൾക്കുളള പരിശീലന പരിപാടികൾ സംഘശിക്ഷാവർഗ്, കാര്യകർത്താവികാസ് വർഗ് എന്നിങ്ങിനെ മാറ്റി. ഇതിൽ പങ്കെടുക്കുന്നതിന് മുമ്പ് വ്യക്തിശുദ്ധിയും സംഘടനാശുദ്ധിയും ഉറപ്പാക്കാൻ മൂന്ന് ദിവസത്തെ പ്രാഥമിക ശിക്ഷണ വർഗിൽ പങ്കെടുത്ത് വിജയിക്കണമെന്ന നിബന്ധന കൊണ്ടുവന്നു. ഇത്തരം പരിപാടികളുടെ ഗുണദോഷങ്ങളും പുരോഗതിയും സമന്വയ ബൈഠക്കിൽ വിലയിരുത്തും. കൂടാതെ നൂറാം വാർഷിക കർമ്മപദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവർഷങ്ങളായിനടത്തിപ്പോരുന്ന പരിപാടികളും വിലയിരുത്തും. പുതിയ പരിപാടികൾ ഉൾപ്പെടുത്തുന്നതും യോഗത്തിൽ പ്രഖ്യാപിക്കും.
ആർ.എസ്.എസിന്റെ ദേശീയ തലത്തിലെ അഞ്ച് പ്രധാന യോഗങ്ങളിലൊന്നാണ് പാലക്കാട് ചേരുന്നത്. സംഘപരിവാറിലെ 32സംഘടനകളുടെ ദേശീയഭാരവാഹികളും അതിലേക്ക് സംഘം നിയോഗിച്ച സുപ്രധാന പ്രചാരകന്മാരുമാണ് യോഗത്തിനെത്തുക. ഈ സംഘടനകളുടെ ലക്ഷ്യപ്രാപ്തി പുരോഗതിയും വിലയിരുത്തും. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട്ട് എത്തിയിട്ടുണ്ട്.