ko

കോവളം: ശ്രീനാരായണ ഗുരുദേവൻ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രത്തിന് സമീപത്തെ ഖനനത്തിന് ശേഷമുള്ള പാറമടകളിലെ ജലാശയങ്ങളിലും വാഴമുട്ടം പ്രദേശത്തും ചാക്കിൽക്കെട്ടി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി ചാക്കിലും പ്ളാസ്റ്റിക് ബാഗുകളിലുമായി കോഴിമാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളുമടക്കമുള്ളവയാണ് ക്ഷേത്രത്തിന്റെ സമീപത്തു നിന്ന് വാഴമുട്ടം ബൈപ്പാസിലേക്കുള്ള റോഡരികിൽ തള്ളുന്നത്. മാലിന്യം തള്ളൽ കാരണം സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം മലിനമാകാനും രോഗങ്ങൾ പടരാനും സാദ്ധ്യതയേറെയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നഗരസഭയിലെ പൂങ്കുളം വാർഡിൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട പത്തോളം പാറമടകളുണ്ട്.

വാർഡുതല സാനിറ്റൈസേഷൻ സമിതി, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന എന്നിവരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ തള്ളുന്ന പൊതു ഇടങ്ങൾ കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാൻ നഗരസഭ പദ്ധതി കൊണ്ടുവന്നിട്ടും മാലിന്യം തള്ളലിന് അറുതിയില്ല. അപകടങ്ങൾ ഒഴിവാക്കാനും പാറമടകൾ വേലികെട്ടി സംരക്ഷിക്കാനും ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ രൂപീകരിച്ചതും ഫലം കണ്ടില്ല. വാഴമുട്ടത്തെ പാറമടകളിൽ മാലിന്യം തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വർഷങ്ങൾക്ക് മുമ്പ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ കളക്ടർ ചെയർമാനായ ഡിസ്ട്രിക്ട് മിനറൽ പദ്ധതി പ്രതീക്ഷിച്ച ഫലത്തിലെത്തിയില്ല.