pallikaalpuzhayileapakada

പള്ളിക്കൽ: പള്ളിക്കലിന്റെ ഓരങ്ങളിലൂടെ ശാന്തമായി ഒഴുകുന്ന ഇത്തിക്കരയാറിന്റെ ഭംഗികണ്ടാൽ ആറ്റിലിറങ്ങാൻ ആരും കൊതിക്കും. എന്നാൽ ആറിൽ ഒളിച്ചിരിക്കുന്ന മരണക്കയങ്ങളെ ആരും കാണാറില്ല. നിരവധിപേരാണ് ഇവിടുത്തെ മരണക്കയത്തിൽവീണ് ജീവൻ പൊലിഞ്ഞത്. പകൽക്കുറി ക്ഷേത്രത്തിനു സമീപത്തെ കുളിക്കടവുകൾ പോലും ഇന്ന് അപകടക്കയങ്ങളാണ്. ഇവിടെ കഴിഞ്ഞയാഴ്ച ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചതാണ് അവസാനത്തെ സംഭവം. ക്ഷേത്രക്കടവിന് സമീപം മരണപ്പെടുന്നത് ആദ്യമായാണ്. എന്നാൽ, അത്തരംസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ പറയുന്നു.

അവഗണനയെന്ന് പരാതി

കഴിഞ്ഞ കൊല്ലം പള്ളിക്കൽ പകൽക്കുറി ആറ്റൂർകോണത്ത് പുഴയിൽ നവദമ്പതികൾ അടക്കം മൂന്നു പേർ മുങ്ങി മരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്‌ചയ്ക്കു ശേഷം ബന്ധുവീട്ടിൽ എത്തിയ ദമ്പതികൾ പുഴയോരത്ത് ബന്ധുവിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്ന് വർഷത്തിനിടയിൽ പുഴയുടെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെയാളുകൾ മരിച്ചു. സംഭവത്തെ തുടർന്ന് കഴിഞ്ഞ വർഷം പള്ളിക്കൽ പുഴയുടെ പ്രധാന സ്ഥലത്ത് അപകടസൂചന ബോർഡ് സ്‌ഥാപിച്ചു. ജില്ലാ അതിർത്തിയിലൂടെ ഒഴുകുന്ന ഈ പുഴ കൊല്ലം ജില്ലയിലെ വെളിനെല്ലൂർ പഞ്ചായത്തുമായാണ് അതിർത്തി പങ്കിടുന്നത്. എന്നാൽ ഇരു ജില്ലാ ഭരണാധികാരികളും ഈ പ്രദേശത്തെ എന്തുകൊണ്ടോ അവഗണിക്കുന്നതായി പരാതിയുണ്ട്.

അപായസൂചന വേണം

പുഴയുടെ അടിത്തട്ടിലെ ദുരന്ത സാദ്ധ്യത അറിയാതെ നദിയിൽ ഇറങ്ങുന്നവർക്ക് അപകടസൂചന നൽകേണ്ടതുണ്ട്. മണലെടുപ്പ് കാരണം പുഴയുടെ ഒഴുക്കിൽ അപകടകരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒഴുക്കു കുറയുമ്പോൾ പുഴ കുറുകെ കടക്കാൻ ശ്രമിക്കുന്നവരും കയങ്ങളിൽ പെടുന്നുണ്ട്. പ്രദേശത്തെ മണൽക്കടത്ത് തടയാൻ അതിർത്തി മേഖല ആയതിനാൽ പൊലീസ് പട്രോളിംഗ് പോലും ഈ പ്രദേശങ്ങളിൽ വളരെ കുറവെന്നാണ് നാട്ടുകാരുടെ പരാതി.