തിരുവനന്തപുരം: നഗരത്തിൽ 38പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.പേട്ട വെറ്ററിനറി സെന്ററിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നായ ബുധനാഴ്ച രാവിലെ ചത്തിരുന്നു. തുടർന്ന് ഇന്നലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആനിമൽ ഡിസീസിൽ പോസ്റ്റുമോർട്ടം നടത്തിയതിന് പിന്നാലെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്.പോസ്റ്റുമോർട്ടത്തിനുശേഷം നായയെ അവിടെത്തന്നെ സംസ്കരിച്ചു.
കടിയേറ്റവരിൽ നേമം സ്വദേശി നിർമ്മലയ്ക്കാണ് ആഴത്തിൽ മുറിവേറ്രത്.നേമം പ്രദേശത്താണ് കൂടുതൽ പേർക്ക് കടിയേറ്റത്.നഗരമദ്ധ്യത്തിൽ ആയുർവേദ കോളേജിന് സമീപത്തും കൈമനം,ചിറമുക്ക്,കരമന പ്രദേശങ്ങളിലുള്ളവരെയും നായ കടിച്ചിരുന്നു.
ചികിത്സ തേടണം
ചെറിയ രീതിയിലെങ്കിലും നായയുടെ കടിയോ,നഖം കൊള്ളുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
ഇന്നുമുതൽ റിംഗ് വാക്സിനേഷൻ
പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കടിയേറ്റ പ്രദേശങ്ങളിലെ തെരുവുനായ്ക്കൾക്ക് ഇന്നുമുതൽ റിംഗ് വാക്സിനേഷൻ ഡ്രൈവ് നടത്തും. പേവിഷബാധ കൂടുതൽ നായ്‌ക്കളിലേക്ക് പടരാതിരിക്കാൻ ആ പ്രദേശത്തെ എല്ലാ നായ്‌ക്കൾക്കും പെട്ടെന്നെടുക്കുന്ന നടപടിക്രമമാണ് റിംഗ് വാക്സിനേഷൻ. നേമം,പാപ്പനംകോട്,ആറ്റുകാൽ,ആയുർവേദ കോളേജിന് സമീപത്തും കൈമനം,ചിറമുക്ക്,കരമന,വഞ്ചിയൂർ ഭാഗങ്ങളിലുമാണ് ഇന്നുമുതൽ റിംഗ് വാക്സിനേഷൻ നടത്തുന്നത്. നായ പരിപാലന സംഘടനയായ കാവയുടെ നേതൃത്വത്തിലാണ് വാക്സിനേഷൻ.'കാവ' സംഘടനയുമായി സഹകരിച്ച് 52 വാർഡിൽ വാക്സിനേഷൻ നടത്തിയിരുന്നു.ശേഷിക്കുന്ന 48 വാർഡിലെ വാക്സിനേഷൻ കൂടി സംഘടന പൂർത്തിയാക്കും.
രണ്ടാമത്തെ നായയും ചത്തെന്ന് നിഗമനം
38 പേരെ കടിച്ചത് രണ്ട് തെരുവുനായ്‌ക്കളെന്നാണ് നഗരസഭയുടെ നിഗമനം.എന്നാൽ രണ്ടാമത്തെ നായയെ പിടികൂടാനായില്ല. അതും ചത്തുപോയെന്നാണ് നഗരസഭ അധികൃതരുടെ വിലയിരുത്തൽ. പേവിഷബാധയേറ്റാൽ 4 ദിവസത്തിനകം നായ ചാകും.