cong

തിരുവനന്തപുരം: ആക്ഷൻ ഓൺ ഹേമ റിപ്പോർട്ടെന്ന മുദ്രാവാക്യം ഉയർത്തി ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കുറ്റാരോപിതർക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജി വയ്ക്കുക,ആരോപണങ്ങളിൽ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി നിർവഹിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം യഥാർത്ഥ പ്രതികളിലേക്കെത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, പത്തനംതിട്ടയിൽ ഷാനിമോൾ ഉസ്മാൻ, ആലപ്പുഴയിൽ എ.എ .ഷുക്കർ, തൃശൂരിൽ ടി.എൻ പ്രതാപൻ, ഇടുക്കിയിൽ ജോസഫ് വാഴയ്ക്കൻ, പാലക്കാട് കെ.എ. തുളസി, കോഴിക്കോട് കൽപ്പറ്റ നാരായണൻ, കാസർകോട് കെ.പി കുഞ്ഞിക്കണ്ണൻ, വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

സെപ്തംബർ 2ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തീരുമാനിച്ചിരിക്കുന്നതിനാൽ തലസ്ഥാന ജില്ലയെ ഒഴിവാക്കിയിരുന്നു.എറണാകുളം,മലപ്പുറം ജില്ലകളിലും മറ്റൊരു ദിവസം കൂട്ടായ്മ നടക്കും.