കുടുംബത്തിലെ 5 പേർ ആശുപത്രിയിൽ ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു
കാട്ടാക്കട: കാട്ടാക്കടയിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തി. ചിക്കൻ കഴിച്ച ഉടനെ കുടുംബാംഗങ്ങൾക്ക് വയറിൽ അസ്വസ്ഥതയും ഛർദ്ദിയും ഉണ്ടായി. ഇതേത്തുടർന്ന് കുട്ടികളെ ഉൾപ്പെടെ അഞ്ചുപേരെയും കാട്ടാക്കട ഗവ. ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ അധികൃതർ പൂട്ടി. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യവകുപ്പ് പഞ്ചായത്ത് എന്നിവരുടെ പരിശോധന നടത്തി.
ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കാട്ടാക്കട, കഞ്ചിയൂർക്കോണം,വാനറത്തല വീട്ടിൽ അനി(35), ഭാര്യ അജിത(28), അനിയുടെ സഹോദരി ശാലിനി(36), ശാലിനിയുടെ മക്കളായ ശാലു(17), വർഷ (13) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരുടെ ബന്ധു നടത്തിയ പരിശോധനയിലാണ് ബാക്കി ഉണ്ടായിരുന്ന ചിക്കനിൽ ചത്ത പുഴുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ഹോട്ടൽ അസോസിയേഷൻ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടൽ ഉടമ വിക്രമന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.
ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് പരിശോധനയിൽ കണ്ടെത്തി.
പരതികളെ തുടർന്ന് ആമച്ചൽ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ചിഞ്ചു കെ. പ്രസാദ്,ഹാഷ്മി മോൾ,ഹരിത,കാട്ടാക്കട പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുജ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, അരുവിക്കര ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥ പൂജാ രവീന്ദ്രൻ, നെയ്യാറ്റിൻകര ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥ അനുജ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
പഴകിയ ഭക്ഷണങ്ങളുടെയും പരാതിക്കാരൻ വാങ്ങിയ പൊരിച്ച കോഴി ഇറച്ചിയുടെ സാമ്പിളും ഭക്ഷ്യ സുരക്ഷ വിഭാഗം ശേഖരിച്ചു.