general

ബാലരാമപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ പള്ളിച്ചൽ പഞ്ചായത്തിൽ ഉൾപ്പെട്ട മുടവൂർപ്പാറ-മുക്കമ്പാലമൂട്- എരുത്താവൂർ- നരുവാമൂട് റോഡ് നവീകരണം നീളുന്നു. താന്നിവിള റെയിൽവേടണലിനു സമീപം റോഡ് പൂർണമായും തകർന്നതോടെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. നിർമ്മാണം കാത്തുകിടക്കുന്ന മുടവൂർപ്പാറ –നരുവാമൂട് റോഡിൽ മുടവൂർപ്പാറ മുതൽ മുക്കമ്പാലമൂട് വരെ രണ്ടരക്കിലോമീറ്റർ ദൂരം പൂർണമായും തകർന്നുകിടക്കുകയാണ്. ഇവിടം നന്നാക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ കഴിയാതായതോടെ ജില്ലാ-ബ്ലോക്ക് ജനപ്രതിനിധികളുടേയും പഞ്ചായത്തിന്റെയും ആവശ്യത്തെ തുടർന്ന് ഐ.ബി. സതീഷ് എം.എൽ.എയുടെ ഇടപെടലിൽ റോഡിന്റെ നവീകരണത്തിന് എം.എൽ.എ ഫണ്ട് അനുവദിച്ചു. എന്നിട്ടും നാളിതുവരെയായി റോഡ് പണി നീളുന്നു.

 കാലതാമസം വീണ്ടും

കാട്ടാക്കട നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് വഴി നടപ്പാക്കുന്ന 117.34 കോടി രൂപയുടെ പദ്ധതിയിൽ മുടവൂർപ്പാറ –നരുവാമൂട് റോഡിനെയും ഉൾപ്പെടുത്തി. ഇതിനായി 8.67 കോടി രൂപ അനുവദിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് മാർച്ചിൽ റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നെങ്കിലും നവീകരണത്തിൽ കാലതാമസം നേരിടുകയാണ്.

 യാത്ര ദുഷ്കരം

ബാലരാമപുരം റെയിൽവേഗേറ്റ് അടച്ചതുമൂലം ബാലരാമപുരം –കാട്ടാക്കട റോഡ്,​ എരുത്താവൂർ -ബാലരാമപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുടവൂർപ്പാറ –മുക്കമ്പാലമൂട് വഴിയാണ് കടന്നുപോകുന്നത്. മുടവൂർപ്പാറ മുതൽ രണ്ട് കിലോമീറ്ററോളം ഭാഗം കുഴികൾ രൂപപ്പെട്ടു. കെ.എസ്.ആർ.ടി.സി സർവീസുകൾ ഉൾപ്പെടെയുള്ള ഈ വഴിയാത്ര ദുഷ്കരമാണ്.

 ദുരിതം മാത്രം

 കുഴിവിള എൽ.പി സ്കൂളിന് മുൻവശവും റോഡ് നിറയെ കുഴികളാണ്.

 താരതമ്യേന വീതികുറഞ്ഞ റോഡിൽ ഇരുഭാഗത്ത് നിന്നും വാഹനങ്ങൾ എത്തിയാൽ ഗതാഗതം തടസ്സപ്പെടും

നിർമാണജോലികൾ ആഗസ്റ്രിൽ തുടങ്ങാനിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.

നിർമ്മാണത്തിനുള്ള മെറ്റൽ സാമഗ്രികൾ മുക്കമ്പാലമൂടിന് സമീപം കൂട്ടിയിട്ടിരിക്കുകയാണ്.