കല്ലമ്പലം: അധികൃതരുടെ അവഗണനയുടെ തല്ലുകൊണ്ട കശുഅണ്ടി ഫാക്ടറികൾക്ക് പൂട്ടുവീണതോടെ തൊഴിലാളികൾക്ക് ഇത്തവണ പട്ടിണിയോണം. മുൻകാലങ്ങളിൽ തൊഴിലാളികൾ ഓണം ആഘോഷിച്ചിരുന്നത് കശുഅണ്ടി ഫാക്ടറികളിൽ നിന്നുള്ള ബോണസ് കൊണ്ടായിരുന്നു. 2000 രൂപയാണ് മുമ്പ് ഇവർക്ക് ബോണസായി ലഭിച്ചിരുന്നത്. കശുഅണ്ടിയുടെ ഈറ്റില്ലം കൊല്ലം ആണെങ്കിലും തലസ്ഥാനത്തിന്റെ വടക്കൻ മേഖലയിലും ഇത്തരം ഫാക്ടറികൾ ധാരാളമുണ്ടായിരുന്നു. നാട്ടിൻപുറത്തെ സ്ത്രീകളുടെ പ്രധാന വരുമാനമാർഗവും ഇതായിരുന്നു. ഇപ്പോൾ അവയിൽ ഭൂരിഭാഗവും പൂട്ടിപ്പോയി.ജില്ലയുടെ വടക്കൻ മേഖലയിലാകെ 91 കശുഅണ്ടി ഫാക്ടറികളാണ് ഉണ്ടായിരുന്നത്. കിളിമാനൂർ, പള്ളിക്കൽ, മടവൂർ, നാവായിക്കുളം,കല്ലമ്പലം പ്രദേശങ്ങളിലായിരുന്നു ജില്ലയിലെ പ്രധാന കശുഅണ്ടി ഫാക്ടറികൾ. മുമ്പ് കശുഅണ്ടി കോർപ്പറേഷന് കീഴിലായിരുന്ന ഫാക്ടറികൾ ഇപ്പോൾ കെ.എസ്.ഡി.സിക്കും കാപെക്‌സിനും കീഴിലുമാണ്. വർഷങ്ങളോളം ഫാക്ടറികളിൽ കുനിഞ്ഞിരുന്ന് ജോലി ചെയ്തവർക്കെല്ലാം നടുവേദന അടക്കമുള്ള രോഗങ്ങൾ പിടിപെട്ടു. കുറച്ചുപേർ തൊഴിലുറപ്പ് പോലുള്ള മറ്റു ജോലികൾ തേടി. എന്നാൽ തങ്ങളുടെ ഫാക്ടറികൾ തുറക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരുമുണ്ട്.
ഫാക്ടറികളിൽ തോട്ടണ്ടി വറുക്കൽ ജോലികൾ ചെയ്തിരുന്നത് പുരുഷന്മാരും തോട്ടണ്ടി തല്ലൽ, പീലിംഗ് (പരിപ്പിന്റെ പുറത്തെ ബ്രൗൺ തൊലി ഇളക്കൽ), പാസിംഗ് (തരംതിരിക്കൽ) ജോലികൾ സ്ത്രീകളുമാണ് ചെയ്തിരുന്നത്. മിക്ക ഫാക്ടറികളിലും 400 മുതൽ 550 വരെ തൊഴിലാളികളുണ്ടായിരുന്നു.
കാരണങ്ങൾ
1) കശുഅണ്ടി ഉത്പാദനത്തിലെ കുറവ്
2) തോട്ടണ്ടിയുടെ വിലക്കൂടുതൽ
3) കൂലി കുറവ്
പൂട്ടുവീണ ഫാക്ടറികൾ
1)പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമൺ, കുറ്റിമൂട്
2) കിളിമാനൂർ പഞ്ചായത്തിലെ മുളയ്‌ക്കലത്തുകാവ്,ഗുരുനഗർ,തകരപ്പറമ്പ്
3) നഗരൂർ പഞ്ചായത്തിലെ കീഴ്പേരൂർ,ഊന്നൻകല്ല്
4) മടവൂർ കവലയിലെ ഫാക്ടറി
5) പള്ളിക്കലിലെ കാട്ടുപുതുശേരി,പള്ളിക്കൽ ടൗൺ,ആറയിൽ,നെട്ടയം,മാരംകോട്
6) നാവായിക്കുളം 28ാം മൈൽ,കല്ലമ്പലം,വെള്ളൂർക്കോണം
44
2021ൽ പൂട്ടിപ്പോയ ഫാക്ടറികൾ
15
പ്രവർത്തിക്കുന്നവ