തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനവവിഭവശേഷി വികസന ഇൻസ്റ്റിറ്റ്യൂട്ടായ തൈക്കാട് റെസിഡൻസി കോമ്പൗണ്ടിലെ കിറ്റ്സിലെ അക്കാഡമിക് അനക്സ് ബ്ലോക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര വളർച്ചയിൽ നിർണായക പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ലോകസമ്പദ് വ്യവസ്ഥയുടെ ഒമ്പതുശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണ്. കേരളത്തിൽ ഇത് ജി.ഡി.പിയുടെ 10 ശതമാനമാണ്. ടൂറിസം വളർച്ച 2024ൽ 11.1 ട്രില്യൺ വരെയെത്തും.വയനാട് ടൂറിസം പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കും. ടൂറിസം വികസനത്തിന് 'എന്റെ കേരളം എന്നും സുന്ദരം 'എന്ന പേരിൽ സെപ്തംബറിൽ സാമൂഹ്യമാദ്ധ്യമ ക്യാമ്പെയിൻ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ.സജീഷ് അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് അഡി.ഡയറക്ടർ പി.വിഷ്ണുരാജ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ആർക്കിടെക്ട് ജി.ശങ്കർ,കിറ്റ്സ് ഡയറക്ടർ ഡോ.എം.ആർ.ദിലീപ്, കിറ്റ്സ് പ്രിൻസിപ്പൽ ഡോ.ബി.രാജേന്ദ്രൻ,അസി.പ്രൊഫസർ ഡോ.ബി.ആർ.സരൂപ് റോയ്, കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്സ് വൈസ് ചെയർമാൻ ശശികുമാർ,കോളേജ് യൂണിയൻ ചെയർമാൻ ജെ.അനൻ എന്നിവർ സംസാരിച്ചു. 3.22 കോടി ചെലവിട്ടാണ് അക്കാഡമിക് ബ്ലോക്ക് നിർമ്മിച്ചത്.