തിരുവനന്തപുരം:തിരുവിതാംകൂർ സഹകരണ സംഘം സാമ്പത്തിക തിരിമറിയിൽ അഞ്ചു കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.നാലെണ്ണം ഫോർട്ട് സ്റ്റേഷനിലും ഒരെണ്ണം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തത്.ഇതോടെ ആകെ കേസുകളുടെ എണ്ണം 40 ആയി.സഹകരണ വകുപ്പിന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. ക്രമക്കേടുകൾ നടത്തിയത് ആരൊക്കെയാണെന്ന് സഹകരണവകുപ്പിന്റെ മൂല്യനിർണയത്തിലാണ് കണ്ടെത്തുക. തുടർന്ന് ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കും. നിലവിൽ രണ്ടരക്കോടിയിലധികം രൂപ തിരിച്ചുകിട്ടാനുണ്ടെന്ന് കാണിച്ച് നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.അഞ്ച് കോടിക്ക് മുകളിലെത്തിയാൽ പരാതി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും.
ഇന്നലെത്തെ കല്ലുംമൂട് സ്വദേശി ബിന്ദു നൽകിയ പരാതിയിൽ ബി.ജെ.പി നേതാവും സംഘം മുൻ പ്രസിഡന്റുമായ എം.എസ്.കുമാറിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. മുൻ സെക്രട്ടറി ഇന്ദു രണ്ടും വൈസ് പ്രസിഡന്റായിരുന്ന മാണിക്യം മൂന്നാം പ്രതിയുമാണ്. മറ്റ് ബോർഡംഗങ്ങളെയും പ്രതികളാക്കിയിട്ടുണ്ട്. എം.എസ്.കുമാറും ഇന്ദുവും മാണിക്യവും മറ്റ് ബോർഡംഗങ്ങളും ചേർന്ന് നിക്ഷേപകത്തുക പരാതിക്കാരിക്ക് മടക്കിനൽകാതെ അവധികൾ പറഞ്ഞ് തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.