□വിപണിക്ക് ഉണർവ് പകരുമെന്ന് മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം; ഉപഭോക്താക്കൾക്ക് വിവിധ സമ്മാനങ്ങളൊരുക്കുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ വ്യാപാര മേഖലയ്ക്ക് ഉണർവാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൺസ്യൂമർ ഫെസ്റ്റിവലിലൂടെ എല്ലാ വില്പനയ്‌ക്കും ജി.എസ്.ടി ബിൽ ഉറപ്പുവരുത്താനാകും. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ഒപ്പമുണ്ട്. വ്യാപാരികൾക്ക് പെൻഷൻ ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നു. ഓൺലൈൻ വ്യാപാരത്തിൽ ജി.എസ്.ടിക്ക് സമാനമായി ഇ വേ ബിൽ നടപ്പാക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറ, സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി മൊയ്‌തു വരമംഗലത്ത്, സംസ്ഥാന ട്രഷറർ എസ് .രാധാകൃഷ്ണൻ, മുജീബ് ഷംസുദ്ദീൻ , തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നാദിർഷ, സെക്രട്ടറി സീതാറാം, ട്രഷറർ ബാബു വർക്കല എന്നിവരും പങ്കെടുത്തു.