തിരുവനന്തപുരം:തിരുവിതാംകൂർ സഹകരണസംഘത്തിൽ 2009 മുതൽ പ്രതിസന്ധിയാണെന്ന മാദ്ധ്യമ വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് സംഘം മുൻ ഭരണസമിതി പ്രസിഡന്റ് എം.എസ്.കുമാർ പറഞ്ഞു. അങ്ങനെ പ്രതിസന്ധി ഉണ്ടായിരുന്നെങ്കിൽ സഹകരണ വകുപ്പ് അന്ന് നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചോദിച്ചു. നടപടിയെടുക്കാതിരുന്നതിലുള്ള വീഴ്ച മറയ്‌ക്കാനാണ് സഹകരണവകുപ്പ് ശ്രമിക്കുന്നത്. പ്രതിസന്ധിയിലായിരുന്നെങ്കിൽ മണക്കാട്, ശാസ്തമംഗലം, കണ്ണമ്മൂല എന്നീ ബ്രാഞ്ചുകൾ തുടങ്ങാൻ അനുവാദം നൽകിയതെന്തിനാണ്. 2014 ൽ 27 തസ്തികകൾ സർക്കാർ അനുവദിച്ചു. 2012, 2014 വർഷങ്ങളിൽ രണ്ടു സ്ഥലങ്ങളും കെട്ടിടങ്ങൾ വാങ്ങാനും 2021 ൽ സംഘത്തിന് കാർ വാങ്ങാനും അനുവാദം നൽകിയെന്നും കുമാർ പറഞ്ഞു.