തിരുവനന്തപുരം: ആറുതവണ ടെൻഡർ ചെയ്തിട്ടും ആരും ഏറ്റെടുക്കാതെ വന്നതോടെ പ്രതിസന്ധിയിലായ പനവിള (കട്ടച്ചകോണം) - പാറോട്ടുകോണം - കരിയം റോഡ്, കാര്യവട്ടം - ചേങ്കോട്ടുകോണം റോഡ് പുനരുദ്ധാരണ പ്രവൃത്തിക്കുള്ള ഏക ടെൻഡർ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നബാർഡ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കാൻ തീരുമാനിച്ചശേഷം ഒരുവർഷമായി ആറുതവണയാണ് ടെൻഡർ ക്ഷണിച്ചതെങ്കിലും ആരും വന്നില്ല. ഒടുവിൽ ഫെബ്രുവരി 15ന് ക്ഷണിച്ച ടെൻ‌ഡറിൽ ഒരു കരാറുകാരൻ വന്നു. ഒരാൾ മാത്രം ടെൻഡറെടുത്താൽ മത്സരാധിഷ്ഠിത ടെൻഡർ അല്ലാത്തതിന്റെ പേരിൽ കരാർ നൽകാൻ നിയമതടസമുണ്ട്. ഇത് പരിഗണിച്ചാണ് മന്ത്രിസഭയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് ഏക ടെൻഡർ അനുവദിക്കാൻ തീരുമാനിച്ചത്.