തിരുവനന്തപുരം: മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ളവർ ആരോപണ വിധേയരായ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ചർച്ചയായില്ല. ഹേമക മ്മിറ്റി റിപ്പോർട്ടിൻമേൽ സി.പി.ഐ. ഉൾപ്പെടെയുള്ള പ്രമുഖ ഘടകകക്ഷികൾ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്നലെ മന്ത്രിസഭയിൽ ഇത് പ്രതിഫലിച്ചില്ല.
ഓണത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ആസൂത്രണ പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഓണച്ചന്തകൾ തുറക്കുന്നതിന് ഉൾപ്പെടെ സാമ്പത്തിക പ്രശ്നം തടസ്സമാകുന്നതും ചർച്ച ചെയ്തില്ല.
ഡൽഹിയിൽ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വിജയമായിരുന്നുവെന്നും സന്ദർശനം തൃപ്തികരമായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാട് ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസമെത്തിക്കാനും പുനരധിവാസ,പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്രസഹായം നേടിയെടുക്കാനും ലക്ഷ്യമിട്ടായിരുന്നു
കൂടിക്കാഴ്ച. പ്രധാനമന്ത്രി വയനാട് സന്ദർശിക്കാനെത്തിയതും കേന്ദ്രസംഘത്തിന് ആവശ്യമായ സഹകരണം നൽകാനും പുനരധിവാസ പ്രവർത്തനങ്ങൾ ചിട്ടയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതും നേട്ടമായി മുഖ്യമന്ത്രി പറഞ്ഞു. സ്ഥാന മൊഴിയുന്ന ചീഫ് സെക്രട്ടറി ഡോ.വേണുവിന് നന്ദി അറിയിച്ചു.