ശംഖുംമുഖം: വിമാനത്തിനും വിമാനത്താവളത്തിലും നിരന്തരമായി വ്യാജ ബോംബ് ഭീഷണി ഉണ്ടാകുന്നത് കേന്ദ്ര ഏജൻസികൾക്ക് തലവേദനയാകുന്നു. ഒരാഴ്‌ചയ്‌ക്കിടെ രണ്ടുതവണയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യാജബോംബ് ഭീഷണിയുണ്ടായത്. അടിയന്തര ലാൻഡിംഗും നടത്തേണ്ടിവന്നു. രാജ്യത്തിന്റെ ആഭ്യന്തര സെക്ടറിൽ പറക്കുന്ന വിമാനങ്ങളിലാണ് ബോംബ് ഭീഷണിയെന്നതാണ് കൂടുതൽ ആശങ്ക.വിമാനത്താവളത്തിലെ ബോംബ് ത്രെട്ടിംഗ് അസസ്‌മെന്റ് കമ്മിറ്റി അടുത്തിടെ രണ്ടുതവണ യോഗം ചേർന്ന് വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തി.സ്ഥിരമായി വ്യാജബോംബ് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ ഗൗരവമായ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനം പറന്നുയർന്നതിന് പിന്നാലെ ചെന്നൈ വിമാനത്തവള ഡയറക്ടർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.തുടർന്ന് വിമാനം ദുബായ് വിമാനത്താവളത്തിൽ ഇറക്കി പരിശോധിച്ചെങ്കിലും സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.ആറുമാസത്തിനിടെ വിസ്താരയുടെ തിരുവനന്തപുരം - മുംബയ്,​എയർ ഇന്ത്യയുടെ ഡൽഹി - വഡോദര,​ ഇൻഡിഗോയുടെ ചെന്നൈ - മുംബയ് വിമാനങ്ങളിലും വ്യാജബോംബ് ഭീഷണി ഉയർന്നിരുന്നു.