തിരുവനന്തപുരം/കൊച്ചി: ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷ് ഉൾപ്പെടെ ആറു പേർക്കെതിരെ കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിലും ജയസൂര്യയ്ക്കെതിരെ കന്റോൺമെന്റ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്‌തു. മുകേഷിനും ഇടവേള ബാബുവിനുമെതിരെ മാനഭംഗം, ജയസൂര്യയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയത്.
ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബുധനാഴ്ച ആലുവയിൽ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസുകൾ പ്രത്യേക സംഘത്തിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു. സെക്രട്ടേറിയറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന മൊഴിയെത്തുടർന്നാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
അതിനിടെ, മുകേഷിനെ സെപ്തംബർ 3 വരെ അറസ്റ്റു ചെയ്യരുതെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി ഇത്തരവിട്ടു. മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. രഞ്‌ജിത്തിനെതിരെ ബംഗാളി നടി നൽകിയ പരാതിയിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിന്റെ മൊഴി തമ്മനത്തെ വീട്ടിലെത്തി രേഖപ്പെടുത്തി.
കേസിന്റെ പശ്ചാത്തലത്തിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നിലപാടെടുത്തു. അതേസമയം, ഉടനടി രാജി വേണ്ടെന്നാണ് സി.പി.എം തീരുമാനം. കേസിന്റെ പുരോഗതി വിലയിരുത്തി അന്തിമ തീരുമാനമെടുക്കും.
സിദ്ദിഖിനെ കുടുക്കും
സാഹചര്യ തെളിവ്
മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ സിദ്ദിഖിനെതിരേ സാഹചര്യ തെളിവ്
നടി കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചശേഷം സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നീങ്ങാനാണ് തീരുമാനം
2016 ജനുവരി 28ന് സിദ്ദിഖ് മുറിയെടുത്തത് ഹോട്ടൽ രേഖയിലുണ്ട്. ഇതേദിവസമാണ് നിളയിൽ സിനിമയുടെ പ്രിവ്യൂ നടന്നത്
സന്ദർശക രജിസ്റ്ററിൽ ഒപ്പിട്ടശേഷം ഒന്നാം നിലയിലെ സിദ്ദിഖിന്റെ മുറിയിലേക്കു പോയെന്നാണ് നടിയുടെ മൊഴി
രജിസ്റ്റർ കെ.ടി.ഡി.സി ആസ്ഥാനത്താണെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഇത് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്
2018ൽ സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് നടത്തിയതിനാൽ ബുക്കിംഗ്, ബില്ലിംഗ് സംവിധാനത്തിലെ ഡിജിറ്റൽ തെളിവുകളില്ല
താമസക്കാരുടെ പൂർണവിവരമടങ്ങിയ മാന്വൽ രജിസ്റ്റർ ശേഖരിക്കും. അന്നത്തെ ജീവനക്കാരുടെ മൊഴിയെടുക്കും
രണ്ടുപേരുടെയും മൊബൈൽ ലൊക്കേഷൻ വിവരം ശേഖരിക്കും. നടിയുടെയുടെ മാതാപിതാക്കളുടെയും മൊഴിയെടുക്കും.