തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്രസർക്കാർ കൽക്കരി ക്വാട്ട അനുവദിച്ചു. കുറഞ്ഞചെലവിൽ 500മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് ഇതോടെ വഴിതുറന്നു. ഇതാദ്യമായാണ് സംസ്ഥാനത്തിന് കൽക്കരി ക്വാട്ട ലഭിക്കുന്നത്. കോൾ ലിങ്കേജ് എന്നാണിതിനെ വിളിക്കുന്നത്.

കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കോൾ ലിങ്കേജ് അനുവദിച്ച് ഉത്തരവായതോടെ ഇന്ത്യയുടെ ഏതെങ്കിലും കൽക്കരിപ്പാടത്തിൽ നിന്ന് ഏ13 ഗ്രേഡിലുള്ള കൽക്കരി സംസ്ഥാനത്തിന് ലഭ്യമാകും. ഇതുപയോഗിച്ച് സ്വന്തമായോ സംസ്ഥാനത്തിന് പുറത്തെ താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുകയോ ആവാം. 500 മെഗാവാട്ട് വൈദ്യുതി വളരെ കുറഞ്ഞ വിലയ്ക്ക് ഇതോടെ ലഭ്യമാക്കാനാവും. ഇതിനായി കരാറിൽ ഏർപ്പെടണം. സംസ്ഥാന സർക്കാരും കെ. എസ്. ഇ. ബിയും കൽക്കരി കമ്പനിയും വൈദ്യുതി നിലയവും തമ്മിലുള്ള കരാറിലൂടെയാണ് ഇത് സാദ്ധ്യമാവുക. 2025 ജനുവരിക്കുമുമ്പ് ഇതിനുള്ള താരിഫ് അധിഷ്ഠിത ടെൻഡർ നടപടികൾ ആരംഭിക്കണം. 2025 ആഗസ്റ്റോടെ വൈദ്യുതി ലഭ്യമാമാക്കാനാവും.

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും കെ. എസ്. ഇ. ബിയുടെയും നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് കേന്ദ്രം കേരളത്തിന് കൽക്കരിക്വാട്ട നൽകുന്നത്. 2031-32 ഓടെ 80 ജിഗാവാട്ട് വൈദ്യുതി കൽക്കരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം ലക്ഷ്യമിടുന്നത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടി തയ്യാറാക്കിയ റിസോഴ്സ് അഡെക്വസി പ്ലാൻ അനുസരിച്ച് കേരളത്തിന് 2031-32 ഓടെ 1473 മെഗാവാട്ടിന്റെ കൽക്കരി അധിഷ്ഠിത വൈദ്യുതി അധികമായി ആവശ്യമായിവരും. നിലവിലെ ലഭ്യത ഏകദേശം 400 മെഗാവാട്ട് മാത്രമാണ്. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതീരുമാനം.

കൽക്കരി ലിങ്കേജ് നേട്ടം

കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൂടിയ ഗുണനിലവാരമുളള കൽക്കരി റേഷൻ കിട്ടുന്നതുപോലെ ലഭിക്കും. ഇതുപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 8 രൂപ മുതൽ 12രൂപാവരെയും വേനൽക്കാലത്ത് 20രൂപവരെയും വിലയുണ്ട്. ഇത് കേരളത്തിന്റെ കൽക്കരിലിങ്കേജ് ഉപയോഗിച്ച് നിർമ്മിച്ചാൽ യൂണിറ്റ് വൈദ്യുതിക്ക് 3രൂപയ്ക്ക് ലഭ്യമാക്കാനാകും.ഇതിലൂടെ താരിഫ് വർദ്ധനതന്നെയും ഒഴിവാക്കാനാകും.