തിരുവനന്തപുരം:ഡോക്ടറെന്ന നിലയിൽ എല്ലാ മേഖലയിലും തന്റേതായ കൈയൊപ്പ് ചാർത്തിയ പ്രമുഖ സർജനായിരുന്നു ഇന്നലെ വിട പറഞ്ഞ ഡോ.കെ.ജയറാം. ഐ.എം.എ, കെ.ജി.എം.ഒ.എ തുടങ്ങിയ സംഘടകളുടെ അമരത്തിരുന്ന് മികച്ച സംഘാടകനായും തലമുറകൾക്ക് വഴികാട്ടിയായും അദ്ദേഹം മാറി.പേട്ട പള്ളിമുക്ക് കേരളകൗമുദി - റെയിൽവേ സ്റ്റേഷൻ റോഡിൽ തന്റെ പിതാവിന്റെ പേരുകേട്ട ആശുപത്രിയായ ഗൗതമയാണ് പിൽക്കാലത്ത് ഡോ.കെ.ജയറാമിന്റെ വസതിയായി മാറിയത്.മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് 1999ൽ ആരോഗ്യവകുപ്പിൽ പ്രവേശിച്ച അദ്ദേഹം ആദ്യകാലം മുതൽ ഡോക്ടർമാരുടെ അവകാശപോരാട്ടങ്ങളുടെ മുൻനിരയിലായിരുന്നു.ഐ.എം.എയുടെ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം സംഘടനയുടെ ഏറ്റവും ഒടുവിലത്തെ യോഗത്തിൽ മാത്രമാണ് പങ്കെടുക്കാതിരുന്നത്.രോഗശയ്യയിലാകുന്നതിന് തൊട്ടുമുമ്പ് വരെയും സംഘടനാരംഗത്ത് സജീവമായിരുന്നു. ഡിസംബറിൽ കോവളത്ത് നടന്ന ഐ.എം.എ ദേശീയ സമ്മേളത്തിന്റെ സംഘാടനത്തിലും ഡോ.ജയറാം ശ്രദ്ധേയ പങ്കുവഹിച്ചു. കെ.ജി.എം.ഒയുടെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കവെ ഡോക്ടർമാർക്കു വേണ്ടി സർക്കാരുകളോട് നിരന്തരം കലഹിച്ചു. സമരം ചെയ്യേണ്ട ഘട്ടങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് പുതുതലമുറയെ അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു.
ദീർഘകാലം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച മികച്ച സർജനെന്ന ഖ്യാതി നേടി.സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടി. ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് ഡോ.എ.മാർത്താണ്ഡപിള്ള, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.അലക്‌സ് ഫ്രാങ്ക്‌ളിൻ, ഡോ.ശ്രീജിത്ത്. എൻ.കുമാർ, ഡോ.സുൽഫി നൂഹു, തിരുവനന്തപുരം പ്രസിഡന്റ് ഡോ.വിജയകൃഷ്ണൻ, സെക്രട്ടറി എ.അൽത്താഫ്, മുൻ സെക്രട്ടറി ഡോ.ആർ.ശ്രീജിത്ത് തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.