പൂവാർ: കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡ് കടന്നുപോകുന്ന തിരുപുറം ഗ്രാമപഞ്ചായത്തിലെ മണ്ണക്കല്ലിൽ ഫ്ലൈഓവർ നിർമ്മാണം തുടങ്ങി. കോവളം കാരോട് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയകട മാവിളക്കടവ് റോഡ് മണ്ണക്കല്ലിൽ മുറിച്ചുമാറ്റിയതോടെയാണ് ഫ്ലൈഓവർ വേണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രക്ഷോഭരംഗത്ത് അണിനിരന്നത്.
മാസങ്ങൾ നീണ്ടുനിന്ന ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഫ്ലൈഓവർ അനുവദിച്ചുകൊണ്ട് ഉത്തരവായത്.
പഴയകട മാവിളക്കടവ് റോഡ് വെട്ടി മുറിച്ചതിനെ തുടർന്ന് തിരുപുറം, കുളത്തൂർ,പൂവാർ,കാരോട്,ചെങ്കൽ എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന സഞ്ചാരമാർഗം തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റിലേ നിരാഹാര സമരവും നടന്നു.
അണ്ടർഗ്രൗണ്ട് പാസേജ് വെള്ളത്തിനടിയിലാകും
മണ്ണക്കല്ലിൽ റോഡ് മുറിച്ച് കടക്കാനായി അണ്ടർഗ്രൗണ്ട് പാസേജ് നിർമ്മാണം പൂർത്തിയായിരുന്നു. വാഹനങ്ങളുടെ സർവീസും ആരംഭിച്ചു. നെയ്യാറിന് കുറുകെ നിർമ്മിച്ച പാലത്തിനു സമീപമാണിത്. മാവിളക്കടവ് റോഡിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയാണ് പാലം. വാഹനങ്ങൾ സർവീസ് റോഡ് വഴി അണ്ടർഗ്രൗണ്ട് പാസേജ് കടന്ന് മറുവശത്തെ സർവീസ് റോഡിലൂടെ വീണ്ടും മാവിളക്കടവ് റോഡിൽ പ്രവേശിക്കണം. അതായത് ഒരു വാഹനം ഒരു പോയിന്റ് കടന്നുപോകാൻ അരകിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവരും. ഇരുവശവുമുള്ള സർവീസ് റോഡുകൾക്ക് ആവശ്യത്തിന് വീതിയില്ലാത്തതും വിനയാകും. അണ്ടർഗ്രൗണ്ട് വഴി വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയില്ല. കൂടാതെ മഴക്കാലത്ത് നെയ്യാർ കരകവിഞ്ഞൊഴുകുകയും അണ്ടർഗ്രൗണ്ട് പാസേജ് വെള്ളത്തിനടിയിലാകുകയും ചെയ്യും. അതോടെ അതുവഴിയുള്ള ഗതാഗതം നിശ്ചലമാകും.ഈ ആശങ്കയാണ് പ്രദേശവാസികളിൽ ഫ്ലൈഓവർ അനിവാര്യമാക്കിയത്.
നിർമ്മാണം ആരംഭിച്ചു
മണ്ണക്കല്ലിലെ ഫ്ലൈഓവറിനായി റീജിയണൽ ഓഫീസർ നാഷണൽ ഹൈവേ അതോറിട്ടിയുടെ ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് 3.37 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് അയച്ചത്. ഇതിൽ 2.35 കോടി രൂപയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിർമ്മാണം ആരംഭിച്ചത്.
കോവളം-കാരോട് ബൈപ്പാസ്
നിലവിൽ കോവളം-കാരോട് ബൈപ്പാസ് നിർമ്മാണം പൂർത്തിയായി. 16.2 കിലോമീറ്റർ വരുന്ന കോൺക്രീറ്റ് റോഡിൽ വാഹന ഗതാഗതവും ആരംഭിച്ചു. 43കിലോമീറ്ററുള്ള കഴക്കൂട്ടം കാരോട് ബൈപ്പാസ് പൂർണമായും തുറന്നതോടെ കന്യാകുമാരി എക്സ്പ്രസ് ഹൈവേയും തലസ്ഥാനവുമായും ബന്ധിക്കപ്പെട്ടു. കോവളം കാരോട് ബൈപ്പാസിലെ സ്ട്രീറ്റ് ലൈറ്റുകളും സിഗ്നൽ ലൈറ്റുകളും പ്രവർത്തിക്കാത്തതിനാൽ അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറയുന്നു.