hi

വാമനപുരം: ചരിത്ര സ്മൃതികളും കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതാപവും പേറി വാമനപുരം നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന വാമനപുരം പഴയപാലം അവഗണനയിൽ. വാമനപുരത്തെയും കാരേറ്റിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പാലം കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായിട്ട് കാലമേറെയായി. നാളുകൾക്കു മുമ്പ് പാലത്തിന്റെ കൈവരികൾ തുരുമ്പിച്ചും നാശത്തിന്റെ പാലം കാടുകയറിയും നാശത്തിന്റെ വക്കിലാണെന്ന് കാണിച്ച് കേരളകൗമുദി "വാമനപുരം പാലം അവഗണനയിൽ' എന്ന് വാർത്ത നൽകിയിന്നു. ഇതേ തുടർന്ന് പി.ഡബ്ല്യു.ഡി യുടെ ബ്രിഡ്ജ് ആൻഡ് വാൾ വിഭാഗം പാലത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചെങ്കിലും അധികൃതരുടെ അവഗണന മൂലം വീണ്ടും പാലം നാശത്തിലേക്ക് പോവുകയായിരുന്നു.

 സംരക്ഷണം വേണം

മിക്ക പാലങ്ങളും പുതുക്കിപ്പണിയുമ്പോഴും കാലപ്പഴക്കമല്ലാതെ മറ്റ് കേടുപാടുകൾ ഒന്നുമില്ലാത്ത ഈ പാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ എൻജിനിയറിംഗ് വൈദഗ്ദ്ധ്യത്തിന് ഉത്തമ ഉദാഹരണമാണ്. കാലക്രമേണ വാഹനത്തിരക്ക് വ‌ർദ്ധിക്കുകയും പാലത്തിന് മതിയായ വീതിഇല്ലാതാവുകയും ചെയ്തതോടെയാണ് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചത്. ഇതോടെ മുത്തശ്ശിപ്പാലത്തെ എല്ലാവരും അവഗണിച്ചു. കാടു വെട്ടിത്തെളിച്ചും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്താൽ കാൽനടയാത്രക്കാർക്ക് ഇത് ഉപകരിക്കും.

 ആവശ്യങ്ങൾ ഏറെ

ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായ ഈ പാലം ചരിത്ര വിദ്യാർത്ഥികൾക്കും ചരിത്ര ഗവേഷകർക്കും ഉപയോഗപ്പെടുത്തണമെന്നും പാലത്തെ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക സ്വത്തായി കണക്കാക്കണമെന്നുമാണ് നാട്ടുകാരുടെയും ചരിത്ര വിദ്യാർത്ഥികളുടെയും ആവശ്യം.