കല്ലമ്പലം: മണമ്പൂര്‍ - ഒറ്റൂർ പഞ്ചായത്തുകളിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഒറ്റൂർ മണ്ഡലം കമ്മിറ്റി പ്രവർത്തകർ വർക്കല ആർ.ടി.ഒയ്ക്ക് അപേക്ഷ നൽകി. പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിർദ്ദേശിക്കുന്നതിനായി കഴിഞ്ഞ ദിവസം വർക്കലയിൽ നടന്ന ജനകീയ സദസിലാണ് അപേക്ഷ കൈമാറിയത്. സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസുകളും പല കാരണങ്ങൾ പറഞ്ഞ് നിറുത്തി. ഇതോടെ പ്രദേശവാസികളും വിദ്യാർത്ഥികളും കിലോ മീറ്ററുകളോളം നടന്നാണ് പോകുന്നത്. 20 വർഷത്തോളമായി സ്വകാര്യ ബസുകൾക്ക് ഇതുവഴി പെർമിറ്റ്‌ നൽകിയിട്ടില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും യാത്രാ സൗകര്യമൊരുക്കി ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി. രതീഷ്‌ ആവശ്യപ്പെട്ടു.