ലീഡ്
' വിദ്യാർത്ഥികൾക്ക് പരീക്ഷയെക്കുറിച്ച് ഭയാശങ്കകൾ ഉള്ളതായാണ് മനസ്സിലാക്കുന്നത്. മാതൃകാ ചോദ്യപേപ്പർ നിർമ്മിക്കാൻ സർവകലാശാലകൾ വർക്ക്‌ഷോപ്പ് നടത്താൻ തുടങ്ങുന്നതേ ഉള്ളൂ. ഇത് അക്ഷന്തവ്യമായ അക്കാഡമിക് വീഴ്ചയാണ് '. വിദ്യാഭ്യാസ വിചക്ഷണനായ ഡോ.അച്യുത് ശങ്കർ എസ്.നായർ നാലു വർഷബിരുദ കോഴ്സുകളെ വിശകലനം ചെയ്യുന്നു
-------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഒന്നര നൂറ്റാണ്ടായി തുടർന്നുവന്ന ബ്രിട്ടീഷ് ചട്ടക്കൂട്ടിൽ നിന്ന് കൂടുതൽ ആഗോള പ്രചാരമുള്ള അമേരിക്കൻ അക്കാഡമിക് രീതിയിലേക്ക് കേരളത്തിലെ ഡിഗ്രി വിദ്യാഭ്യാസത്തിന്റെ മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ അനിവാര്യമാണ്. അക്കാഡമിക് പരിഗണനയിലും ഈ മാറ്റത്തെ സ്വാഗതം ചെയ്യാം. എന്നാൽ പരിഷ്കാരങ്ങൾക്ക് ആഘോഷത്തോടെ തുടക്കം കുറിച്ചശേഷം അവയെ വിലയിരുത്തുകയോ പ്രശ്നപരിഹാരങ്ങൾ കണ്ടെത്തുകയോ ചെയ്യാതെ ഉപേക്ഷിക്കുന്ന പതിവ് രീതി FYUG പ്രോഗ്രാമിലും കാണുന്നു. ഉദ്ഘാടനത്തിന്റെ പൊടിപടലങ്ങൾ അവസാനിച്ച ശേഷം കലാലയങ്ങളിലെ അദ്ധ്യാപകർ അതിസങ്കീർണ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്ത കോഴ്സ് തിരഞ്ഞെടുക്കൽ സ്വാതന്ത്ര്യം പൂർണമായി അനുവദിച്ചുകൊടുത്താൽ ടൈംടേബിൾ ഇടുന്നതു മുതൽ അദ്ധ്യാപകർക്ക് നിയമപരമായി പഠിപ്പിക്കേണ്ട മണിക്കൂറുകൾ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും കീറാമുട്ടിയാകും. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള മൈനർ കോഴ്സുകൾ തിരഞ്ഞെടുക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അടിച്ചേൽപ്പിക്കലിലേക്ക് അത് മാറുകയും ചെയ്തു.
ഇതിനൊപ്പമാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സുകളുടെ വ്യക്തത. ഔട്ട്ക്കം ബേസ്‌ഡ് എജ്യുക്കേഷൻ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 'ഔട്ട്‌ക്കം' വഴിപാടായി മാത്രം രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് പരീക്ഷയെക്കുറിച്ച് ഭയാശങ്കകൾ ഉള്ളതായാണ് മനസ്സിലാക്കുന്നത്. മാതൃകാ ചോദ്യപേപ്പർ നിർമ്മിക്കാൻ സർവകലാശാലകൾ വർക്ക്‌ഷോപ്പ് നടത്താൻ തുടങ്ങുന്നതേ ഉള്ളൂ. ഇതൊരു അക്ഷന്തവ്യമായ അക്കാഡമിക് വീഴ്ചയാണ്. ക്ളാസുകൾ എടുക്കുന്ന ശൈലിയിലോ കാഴ്ചപ്പാടിലോ മാറ്റം വന്നതായോ അതിനായി വ്യക്തമായ മാർഗരേഖ ഉള്ളതായോ കാണുന്നില്ല. ഒന്നാം സെമസ്റ്ററിന്റെ പരീക്ഷ നവംബറിൽ നടക്കാൻ പോവുകയുമാണ്. ഉദ്ഘാടന മഹാമഹങ്ങളിൽ കാണിക്കുന്ന ഉത്സാഹം തുടർന്നും പ്രകടിപ്പിച്ച്, സൂക്ഷ്മമായി വിലയിരുത്തി മാറ്റങ്ങൾ വരുത്തിക്കൊണ്ടു മാത്രമേ FYUG പ്രോഗ്രാമിനെ ലക്ഷ്യത്തിലെത്തിക്കാനാവൂ. അല്ലെങ്കിൽ ഇത് അദ്ധ്യാപകരും വിദ്യാർത്ഥികളും അവർക്കാകുന്ന രീതിയിൽ മുന്നോട്ടു നീക്കുന്ന സ്ഥിരം പരിപാടിയായി തുടരും.
(കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് മുൻ വകുപ്പദ്ധ്യക്ഷനും ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റുമാണ് ലേഖകൻ)
പദവി എടുത്തുമാറ്റി: സിൻഡിക്കേറ്റ്
യോഗം സി.പി.ഐ ബഹിഷ്കരിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം സി.പി.ഐ അംഗം ബഹിഷ്കരിച്ചു. സി.പി.ഐയുടെ പക്കലുണ്ടായിരുന്ന പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റിന്റെ ചുമതല എടുത്തുമാറ്റിയതിൽ പ്രതിഷേധിച്ചാണ് നോമിനേറ്റഡ് അംഗം ഡോ.എസ്. ജയൻ ഇറങ്ങിപ്പോയത്. സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചപ്പോഴായിരുന്നു പ്രതിഷേധം. സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത സി.പി.ഐ പ്രതിനിധിയായ ജയനായിരുന്നു പ്ലാനിംഗ് ചുമതല. അദ്ദേഹത്തെ മാറ്റി സി.പി.എം അദ്ധ്യാപക സംഘടന നേതാവായ ഡോ. നസീബിന് ചുമതല നൽകി. ഇതോടെയാണ് സി.പി.ഐ അംഗം ഇറങ്ങിപ്പോയത്. മുൻകാലങ്ങളിലും പ്ലാനിംഗ് കമ്മിറ്റിയുടെ കൺവീനർ പദവി സി.പി.ഐക്കായിരുന്നു.
സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും പ്രത്യേകമായാണ് മത്സരിച്ചത്. സി.പി.ഐ സ്ഥാനാർത്ഥിക്ക് 4വോട്ട് കിട്ടി. സി.പി.എമ്മിന്റെ വോട്ട് കിട്ടാത്തതിനാൽ പരാജയപ്പെട്ടു. ഇതിന്റെ ആനുകൂല്യം മുതലെടുത്ത് ബി.ജെ.പി രണ്ടു സീറ്റിൽ വിജയിച്ചു. ഇതോടെയാണ് സി.പി.എം- സി.പി.ഐ ബന്ധം വഷളായത്. ഇതിന്റെ തുടർച്ചയായാണ് സിൻഡിക്കേറ്റിലെ കൺവീനർ പദവിയൊഴിവാക്കിയത്. 10സ്ഥിരം സമിതികളാണ് സിൻഡിക്കേറ്രിലുള്ളത്. ഇതിന്റെയെല്ലാം കൺവീനർ പദവി സി.പി.എമ്മിനാണ്. ബി.ജെ.പി ഒരു കൺവീനർ സ്ഥാനം ആവശ്യപ്പെട്ടെങ്കിലും സി.പി.എം നൽകിയില്ല. ഇത് സിൻഡിക്കേറ്റ് യോഗത്തിൽ ബഹളത്തിനിടയാക്കി.