cm

മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുമെന്നും വി.ഡി.സതീശൻ

തിരുവനന്തപുരം:സിനിമാരംഗത്തെ കുറ്റവാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എമ്മിൽ പവർ ഗ്രൂപ്പുള്ളതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയെല്ലാം കുറ്രം ചെയ്തിട്ടും ഇവർക്കൊന്നും ഒരു ചുക്കും സംഭവിക്കില്ലെന്നത് ഭാവിയിൽ രംഗം കൂടുതൽ വഷളാക്കും.

സിനിമാക്കാരിൽ ന്യൂനപക്ഷം മാത്രമാണ് കുഴപ്പക്കാർ. മര്യാദക്കാരും അപമാനിതരാകാൻ കാരണം സർക്കാരാണ്. സാംസ്കാരിക മന്ത്രി നിയമവിരുദ്ധമായാണ് സംസാരിക്കുന്നത്. ഹേമ കമ്മിറ്രി റിപ്പോർട്ട് വന്ന ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം നിറുത്തിയത് ഉത്തരം മുട്ടും എന്നതിനാലാണ്.

മുകേഷ് സ്വയം രാജിവയ്ക്കാത്തപ്പോൾ സി.പി.എമ്മാണ് തീരുമാനിക്കേണ്ടത്. ഘടകകക്ഷികളും നേതാക്കളും സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രിയോ സി.പി.എം നേതൃത്വമോ അനങ്ങുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് സിനിമാനയം ഉണ്ടാക്കാൻ ഏൽപ്പിച്ചത് മുകേഷ് അടക്കമുള്ളവരെയാണ്.

പുറത്തു വരാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ റിപ്പോർട്ടാണ് മുകേഷ് ഉൾപ്പെടെ വായിച്ചത്. ഈ റിപ്പോർട്ടും കൈയിൽ വച്ചാണ് മുകേഷിനെ നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിപ്പിച്ചത്. സി.പി.എം സ്ത്രീപക്ഷ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നത്? ബിനോയ് വിശ്വവും ബൃന്ദ കാരാട്ടും ആനി രാജയുമൊക്കെ ദുർബലരാണ്. ദുർബലമായി നിൽക്കുമ്പോഴും സി.പി.ഐയുടെ നിലപാട് അഭിനന്ദനാർഹമാണ്. എൽദോസ്

കുന്നപ്പിള്ളിക്കെതിരെയുള്ള ആരോപണത്തിൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയും ആ നിലപാടാണ് എടുത്തത്. അതുകൊണ്ടാണ് തങ്ങൾ നടപടിയെടുക്കാതിരുന്നതെന്നും വി.‌ഡി സതീശൻ പറഞ്ഞു.