mv-govindan
mv govindan

സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സമ്മേളന നടപടികൾ

നാളെ ആരംഭിക്കാനിരിക്കെ,​ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കേരളകൗമുദിയോടു സംസാരിക്കുന്നു. പ്രസക്ത ഭാഗങ്ങൾ:

 പാർട്ടി സമ്മേളനങ്ങൾ തുടങ്ങുകയാണല്ലോ?

ബ്രാഞ്ച് സമ്മേളനങ്ങൾ നാളെ മുതൽ തുടങ്ങും. സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കൊല്ലത്തും

പാർട്ടി കോൺഗ്രസ് 2025 ഏപ്രിൽ രണ്ടു മുതൽ ആറുവരെ മധുരയിലും നടക്കും.

 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നന്നായി തോറ്റുവെന്നാണ് താങ്കൾ പ്രതികരിച്ചത്. തിരുത്തൽ നടപടികൾ എവിടെയെത്തി?

എല്ലാ മേഖലയിലും തിരുത്തൽ പ്രക്രിയയ്ക്കുള്ള ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

 എൽ.ഡി.എഫ് കൺവീനറും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിൽ

നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള അന്വേഷണമോ?

അതിൽ അന്വേഷണത്തിന്റെ കാര്യമൊന്നുമില്ലല്ലോ. എല്ലാം വ്യക്തമായി കണ്ടതല്ലേ. ഓരോ സന്ദർഭങ്ങളിൽ പാർട്ടി നേതാക്കളും പ്രവർത്തകരാകെയും പാലിക്കേണ്ട ജാഗ്രതയുണ്ട്. അത് ആരായാലും പാലിക്കേണ്ടതുണ്ടെന്നു തന്നെയാണ് പാർട്ടി കണ്ടത്.

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിത്തറ ഇളകുന്ന വിധം തിരിച്ചടി നേരിട്ടില്ലേ?

കോൺഗ്രസിന് 2.8 ശതമാനം വോട്ടുകൾ കുറഞ്ഞു. 1.75 ശതമാനം വോട്ട് ഞങ്ങൾക്കും കുറഞ്ഞു. വാജ്‌പേയിയുടെ കാലത്ത് കിട്ടിയതിലും മൂന്നു ശതമാനത്തിൽ കൂടുതൽ വർദ്ധന ബി.ജെ.പിക്കുണ്ടായി. വർഗീയ ശക്‌തികൾക്കു പ്രാധാന്യം കിട്ടി. അല്ലാതെ അടിത്തറ ഇളകിയിട്ടില്ല.

ഉത്തരവാദിത്വംആർക്ക്?

കോൺഗ്രസിനു തന്നെ.

 സി.പി.എമ്മിനു റോളില്ലേ?

ചെറിയ റോളേ ഉള്ളൂ.

 കണക്കുകൊണ്ട് ന്യായീകരിക്കുകയാണോ?

അല്ല. കണക്ക് കണക്കു തന്നെയാണ്. എവിടെയൊക്കെയാണ് ചോർച്ച സംഭവിച്ചതെന്ന് പാർട്ടിക്കു കൃത്യമായി മനസിലായിട്ടുണ്ട്. തൃശൂരിൽ ജയിക്കുമെന്നാണ് കരുതിയത്. ഞങ്ങൾക്ക് 16,​000-ത്തിലധികം വോട്ടുകൾ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ കിട്ടി. കോൺഗ്രസിന് 86,​000 വോട്ട് കുറഞ്ഞു. ക്രൈസ്തവ സഭയിലെ ഒരു വിഭാഗവും ബി.ജെ.പിക്ക് വോട്ടു ചെയ്തു. അടിത്തറ ഇളകിയെന്ന വിലയിരുത്തലില്ല.

 ആലപ്പുഴയിലോ?

അവിടെ തോറ്റു.

 കണക്കുകൂട്ടൽ പാളിയില്ലേ?

ചെറിയ വോട്ടിനു തോറ്റു. അങ്ങനെയായാൽ കാസർകോടും കണ്ണൂരുമൊക്കെയല്ലേ വലിയ പരാജയം സംഭവിച്ചത്.

 പാർട്ടി ഇതിൽ നിന്ന് എന്തു പാഠം പഠിച്ചു?

ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട്. ഒരു വോട്ടായാലും രണ്ടു വോട്ടായാലും പാർട്ടി അടിത്തറയിൽ നിന്നുണ്ടാകുന്ന ചോർച്ച വളരെ ഗൗരവമായിട്ടാണ് പാർട്ടി കാണുന്നത്. എസ്.എൻ.ഡി.പി മുഖേനയുള്ള ബി.ഡി.ജെ.എസ് ഇടപെടൽ,​ഈ വോട്ടു നേടാനുള്ള ബി.ജെ.പിയുടെ സമീപനങ്ങൾ.... ഇതൊക്കെ ഞങ്ങൾ കൃത്യമായി കണ്ടിട്ടുണ്ട്.

 എസ്.എൻ.ഡി.പി അകന്നുപോയെങ്കിൽ ആ സമുദായത്തോടുള്ള സമീപനവും കാര്യമല്ലേ?

ഈഴവ സമുദായമൊന്നും അകന്നുപോയിട്ടില്ല. ചില വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായി മാറാൻ ബി.ഡി.ജെ.എസിന്റെ ഭാഗമായി വർക്ക് നടന്നു. ആലപ്പുഴയിലും ആറ്റിങ്ങലും.

 ഭരണവിരുദ്ധ വികാരം പരാജയ കാരണമായില്ലേ?

പരിശോധിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായിട്ടുള്ള പ്രശ്നങ്ങൾ ഇവിടെ ഉണ്ടായി. അതുകാരണം ക്ഷേമ പെൻഷനുകൾ, ജീവനക്കാരുടെ ഡി.എ കുടിശിക എന്നിവ വൈകി. ആ പ്രശ്നം പരിഹരിച്ചു. ഗവൺമെന്റ് മുൻഗണന നൽകേണ്ട കാര്യങ്ങൾക്ക് പാർട്ടി നിർദ്ദേശം നൽകി.

 തിരഞ്ഞെടുപ്പിനു ശേഷമുള്ള ജില്ലാ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രി അടക്കം വിമർശനം നേരിട്ടു?

എല്ലാ സന്ദർഭങ്ങളിലും തോറ്റാൽ വിമർശനമുണ്ടാകും. ഇതിലും വലിയ വിമർശനം ഞങ്ങൾ കേട്ടിട്ടുണ്ട്. പാർട്ടിക്ക് ആരെയും തിരുത്താം. എല്ലാവരുടെയും മേലെ വിമർശനവും സ്വയം വിമർശനവും നടത്താനുള്ള അധികാരവും അവകാശവും പാർട്ടിക്കാണ്.

കാഫിർ വിവാദം കെ.കെ. ശൈലജയെ പരാജയപ്പെടുത്താൻ വേണ്ടി സി.പി.എമ്മിൽ നിന്നു തന്നെ ഉത്ഭവിച്ചതാണെന്ന് വിമർശനമുണ്ട്?

അത് കുപ്രചാരണമാണ്. കാഫിർ വിവാദത്തിൽ ആദ്യം പരാതി കൊടുത്തത് സി.പി.എമ്മാണ്. എവിടെ നിന്നാണ് ഒറിജിനേറ്റ് ചെയ്തതെന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ.

 ഈ വിഷയത്തിൽ ലതികയെ വിമർശിച്ച ശൈലജയെ പാർട്ടി തള്ളിയോ?

അത്തരം സമീപനങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ലതിക ആ പോസ്റ്റിൽ എഴുതിയത്. അത് കാണണമെന്നേ പറഞ്ഞുള്ളൂ.

 ശൈലജയോട് ചിറ്റമ്മനയം ഉണ്ടോ?

ഇല്ല. പാർട്ടിക്കെല്ലാവരോടും ഒരേ നിലപാടേ ഉള്ളൂ. ഒരു ചിറ്റമ്മയും ഇല്ല.

 എം.എൽ.എയായ ശൈലജയെ വടകരയിൽ മത്സരിപ്പിച്ചത് ശരിയായ തീരുമാനം ആയിരുന്നോ?

എം.എൽ.എ മാത്രമല്ല,​ മന്ത്രി തന്നെ മത്സരിച്ചില്ലേ.

 പ്രതിച്ഛായ തകർക്കാനായിരുന്നുവെന്നും വിമർശനം വന്നു?

അത് മാദ്ധ്യമങ്ങളുടെ പ്രചാരണം. ജയിക്കാൻ പ്രാപ്‌തിയുള്ള നേതാക്കൾ എന്ന നിലയിലാണ് മന്ത്രി രാധാകൃഷ്‌ണനെയും എം.എൽ.എമാരായ ശൈലജയേയും ജോയിയേയുമൊക്കെ മത്സരിപ്പിച്ചത്. ഫലപ്രദമായി സീറ്റ് കൈകാര്യം ചെയ്യാൻ സാധിക്കുക എന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ.

ഇവരെപ്പോലെ ജയസാദ്ധ്യതയുള്ള രണ്ടാം നിര പാർട്ടിയിലില്ലേ?

വളർന്നുവരുന്നുണ്ട്. ഇല്ലെന്നത് പാർട്ടി വിരുദ്ധമായ പ്രചാരണമാണ്. പാർട്ടിക്ക് സെക്കൻഡും തേർഡും ഉണ്ട്. ഇനി ഫോർത്ത് വേണമെങ്കിൽ ബാലസംഘം വരെയുണ്ട്.

 പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമോ?

അതിന്റെ യാതൊരു ആവശ്യവുമില്ല.

 മന്ത്രിമാരെ തിരുത്തുമോ?

മന്ത്രിമാരുടെ പ്രവർത്തനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ അതിനുള്ള

പ്രവർത്തനമാണ് പാർട്ടി നടത്തുന്നത്. മന്ത്രിമാർ ജനങ്ങളെ കാണാൻ സമയം കണ്ടെത്തണം. തിരുവനന്തപുരത്ത് മൂന്നുനാലുദിവസം ഉണ്ടാകണമെന്നും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.

 പാർട്ടിക്ക് വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോ?

അതൊന്നും ചർച്ചാവിഷയമല്ല. തുല്യത ഈ ഒരു പദവികൊണ്ട് നടക്കുമോ.

 വനിതാ ജില്ലാ സെക്രട്ടറി വരുമോ?

പാർട്ടി സമ്മേളനങ്ങൾ നടക്കാൻ പോവുകയല്ലേ. സമ്മേളനം ചർച്ച ചെയ്ത് തീരുമാനം വരുന്നെങ്കിൽ നോക്കാം.

 കേരളത്തിൽ നിന്നൊരാൾ ദേശീയ ജനറൽ സെക്രട്ടറി ആയി വരുമോ? അതൊക്കെ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യേണ്ട കാര്യമാണ്.

 പാർട്ടി സെക്രട്ടറിയായി തുടരുമോ?പാർലമെന്ററി രാഷ്ട്രീയം വിടുമോ?

അതൊക്കെ സമ്മേളനമാണ് തീരുമാനിക്കേണ്ടത്.

-------------------------

ബോക്സ്

ന്യൂനപക്ഷ വർഗീയത

ശക്തമായിരുന്നു

 ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായില്ലേ?

അത് ശരിയായ വിലയിരുത്തലല്ല. ന്യൂനപക്ഷ സംരക്ഷണം ലോകത്ത് എവിടെയായാലും ഇടതു പ്രസ്ഥാനങ്ങളുടെ അജണ്ടയാണ്. ആ അജണ്ട കൈകാര്യം ചെയ്തതല്ലാതെ ന്യൂനപക്ഷ പ്രീണനം എന്നൊന്നില്ല. സൂക്ഷ്‌മമായി പരിശോധിച്ചതിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ജമാ അത്ത് ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ തീവ്ര വിഭാഗത്തിന്റെ നിലപാടിനൊപ്പമായിരുന്നു. ലീഗും കോൺഗ്രസും അതിന്റെ ഭാഗമായി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര എന്നിങ്ങനെ മുസ്ളിം കേന്ദ്രീകൃതമായ ഒരുപാട് മണ്ഡലങ്ങൾ മലബാറിലുണ്ട്.

 മുസ്ളിം വോട്ടുകൾ സി.പി.എമ്മിന് കിട്ടിയതുമില്ല?

ഞങ്ങൾക്കു കിട്ടിയില്ലെന്നു മാത്രമല്ല,​ അവിടെ ഒരു വർഗീയ ധ്രുവീകരണം വന്നു. ഭൂരിപക്ഷ വർഗീയത ബി.ജെ.പിയുമായി ബന്ധപ്പെട്ടു വന്നു. അതിനേക്കാൾ ശക‌്‌തിയായി കേരളത്തിൽ ഉണ്ടായിട്ടുള്ളത് ന്യൂനപക്ഷ വർഗീയത ആണ്. ജമാ അത്തെ ഇസ്ളാമിയും എസ്.ഡി.പി.ഐയും ലീഗുമായി ചേർന്ന് കോൺഗ്രസ് മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചു. അവർക്കിടയിൽ ഏകോപനമുണ്ടായി.

 ശൈലജ ടീച്ചർ പരാജയപ്പെട്ടതിന്റെ കാരണം ഇതാണോ?

അതാണ്.

 ലീഗിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടോ? ലീഗ് മതേതര പാർട്ടിയാണോ?

മുസ്ളിംലീഗിനെ ന്യൂനപക്ഷ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടിയായാണ് കാണുന്നത്. അവരിപ്പോൾ രാജ്യം തന്നെ ഇസ്ളാമിക രാജ്യമാകണമെന്ന് മുദ്രാവാക്യം ഉയർത്തുന്ന ജമാ അത്തെ ഇസ്ളാമിയുടെയും മതരാഷ്ട്രം വേണമെന്ന് വാദിക്കുന്ന എസ്.ഡി.പി.ഐയുടെയും ഒപ്പമാണ്. ഒരു ഭാഗത്ത് ഹിന്ദുരാഷ്ട്രം വേണമെന്ന് ഹിന്ദു ഭൂരിപക്ഷം പറയുന്നതുപോലെ അപകടകരമാണ് ഇവർ ഉയർത്തുന്ന മതരാഷ്ട്ര സമീപനം. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയെന്ന നിലപാട് ഞങ്ങൾക്കില്ല.

 ലീഗുമായി ഒരു ചങ്ങാത്തം നോക്കുന്നുണ്ടോ?

ഒരു തരത്തിലും ഇല്ല. വർഗീയ ശക്തികളുമായി ചേർന്നു നിൽക്കുകയാണ് അവർ. ജമാ അത്തെ ഇസ്ലാമിയുടെ ആശയമാണ് ഇപ്പോൾ അവർക്കും. ലീഗുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി പണ്ടും ആലോചിച്ചിട്ടില്ല,​ ഇപ്പോഴും ആലോചിച്ചിട്ടില്ല. ചില ഘട്ടങ്ങളിൽ യു.ഡി.എഫിൽ ഭിന്നത ഉണ്ടായിവരുന്ന ഘട്ടത്തിൽ ആ നിലപാടുകളെ സന്ദർഭാനുസരണം സ്വാഗതം ചെയ്തിട്ടുണ്ട്.

(അഭിമുഖത്തിന്റെ പൂർണ്ണരൂപത്തിന്

ക്യ.ആർ കോഡ് സ്കാൻ ചെയ്യുക)