തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ രണ്ട് പ്രവേശനകവാടങ്ങളിലും അപകടാവസ്ഥയിലായിരുന്ന ഓടുകൾ പൊതുമരാമത്ത് വകുപ്പ് പൂർണമായി മാറ്റി.ഇതോടെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും ഭീതിയൊഴിഞ്ഞ് ആശുപത്രിയിൽ പ്രവേശിക്കാം.
കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലായ ഓടുകൾ അടിക്കടി റോഡിലേക്ക് വീഴുന്നതായി കാട്ടി 'കേരള കൗമുദി' ബുധനാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.പിന്നാലെയാണ് അധികൃതർ പ്രവേശനകവാടത്തിന്റെ ഓടുകൾ മാറ്റിയത്. അപകടാവസ്ഥയിലായിരുന്ന ഓടുകൾ മാറ്റിയതിന്റെ ആശ്വാസം അവിടെ ഭക്ഷണപ്പൊതി വിൽക്കുന്ന സ്ത്രീകൾക്കുമുണ്ട്. ചെറിയ കാറ്റ് അടിച്ചാൽ പോലും മുകളിൽ നിന്ന് ഓടുകൾ ഇളകി വീഴുന്ന അവസ്ഥയിലായിരുന്നു. അപകടാവസ്ഥയിലുള്ള കണ്ണാശുപത്രിയുടെ പ്രവേശനകവാടത്തിന്റെ ഓടുകളും ഉടൻ മാറ്റുമെന്ന് അധികൃതർ അറിയിച്ചു.