
മുടപുരം: ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായ മുടപുരം പബ്ലിക് മാക്കറ്റ് നവീകരിച്ച് പുതിയ ബഹുനില ഷോപ്പിംഗ് കോംപ്ലക്സ് മന്ദിരം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 45 വർഷത്തിലേറെ പഴക്കമുള്ള മാർക്കറ്റിലെ ഷോപ്പിംഗ് കോപ്ലക്സ് മന്ദിരം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ചന്ത കൂടുന്ന സമയത്ത് കെട്ടിടം തകർന്നുവീണ് അപകടം സംഭവിക്കുമോ എന്നഭീതിയിലാണ് നാട്ടുകാർ. ജീവൻ കൈയിൽപ്പിടിച്ചാണ് ഇവിടുത്തെ വ്യാപാരികൾ കച്ചവടം നടത്തുന്നത്. 1979ൽ എസ്. വാസുദേവൻ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് റൂറൽ ഡെവലപ്മെന്റ് കോർപറേഷനിൽ നിന്നും ലോണെടുത്ത് 11 മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് പണിതത്.
ഫണ്ട് വേണം
11 മുറികളുള്ള ഈ ഷോപ്പിംഗ് കോംപ്ലക്‌സ് മന്ദിരത്തിൽ ഒരു കട മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ബാക്കി കച്ചവടക്കാരെല്ലാം കെട്ടിടത്തിന്റെ ബലക്ഷയം കാരണം കെട്ടിടത്തിൽ നിന്ന് മാറി. ഇവിടുത്തെ പോസ്റ്റോഫീസും മറ്റൊരു കെട്ടിടത്തിലേക്ക് മാറി. ഈ ആവശ്യം നിറവേറ്റുന്നതിനായി പുതിയ മൂന്നുനില മന്ദിരം പണിയുന്നതിനായി കഴിഞ്ഞ ഫെബ്രുവരിയിൽ കൂടിയ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം 3 കോടി രൂപയുടെ കിഫ്‌ബി ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.